കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമ കേസുകൾ കുറയുന്നു
Wednesday, September 18, 2019 12:11 AM IST
കൊച്ചി: സംസ്ഥാനത്തു കുട്ടികൾക്കുനേരേയുള്ള ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായെന്നു ബാലാവകാശ കമ്മീഷന്റെ കണക്കുകൾ. 2017-18 ൽ 170 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ കഴിഞ്ഞവർഷം 90 ആയി കുറഞ്ഞു.
ഈവർഷം ജൂലൈ വരെ 21 കേസുകൾ മാത്രമാണു രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും വിവരാവകാശ നിയമപ്രകാരമുള്ള രേഖകൾ വ്യക്തമാക്കുന്നു. 2013 ൽ രൂപീകരിച്ച സംസ്ഥാന ബാലാവകാശ കമ്മീഷനിൽ കഴിഞ്ഞ ജൂലൈ 31 വരെ 501 കേസുകളാണ് ആകെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2017-18 വർഷത്തിലാണ് ഏറ്റവുമധികം കേസുകൾ എത്തിയത്. 2016-17 ൽ 119 കേസുകളുണ്ടായിരുന്നു.
കുട്ടികൾക്കുനേരേയുള്ള മറ്റ് അതിക്രമങ്ങളിലെന്നപോലെ ലൈംഗിക പീഡനങ്ങളിലും തിരുവനന്തപുരം ജില്ലയാണു മുന്നിൽ. 108 കേസുകൾ തിരുവനന്തപുരം ജില്ലയിൽ ആറു വർഷത്തിനിടെ രജിസ്റ്റർ ചെയ്യപ്പെട്ടു. എറണാകുളം ജില്ലയാണു തൊട്ടുപിന്നിൽ. 57 കേസുകൾ ഇവിടെയുണ്ട്.
ലൈംഗിക പീഡന കേസുകളുടെ കാര്യത്തിൽ പത്തനംതിട്ട ജില്ലയാണു പിന്നിൽ. 2013 മുതൽ ഇതുവരെ രജിസ്റ്റർ ചെയ്ത ആകെ കേസുകൾ അഞ്ചു മാത്രമാണ്. കാസർഗോഡ് ഒന്പതു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2019 ൽ ഏറ്റവുമധികം കേസുകൾ ഉണ്ടായ മലപ്പുറം ജില്ലയിൽ ഇക്കുറി അഞ്ചു കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്യപ്പെട്ടതെന്നു വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്കു ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു.