മുത്തൂറ്റ് സമരം: ചർച്ചയിൽ തീരുമാനമായില്ല
Wednesday, September 18, 2019 11:27 PM IST
തിരുവനന്തപുരം: മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ പ്രശ്നവുമായി ബന്ധപ്പെട്ട് ഇന്നലെ തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ച തീരുമാനമാകാതെ പിരിഞ്ഞു.
മിനിമം വേതനം സംബന്ധിച്ച കോടതി തീരുമാനം വരുന്നതുവരെ ജീവനക്കാർക്കു നിലവിലുള്ള ശന്പളത്തിൽ ഇടക്കാല വർധന വരുത്തണമെന്നും കോടതി തീരുമാനം വരുന്ന മുറയ്ക്ക് ഇതിൽ അന്തിമ തീരുമാനമാകാമെന്നുമുള്ള നിർദേശം ഇന്നലത്തെ യോഗത്തിൽ വച്ചെങ്കിലും മാനേജ്മെന്റ് അനുകൂല നിലപാടു സ്വീകരിച്ചില്ല. ഇതേത്തുടർന്നു ചർച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു.
തൊഴിൽ നിയമങ്ങൾ പ്രാവർത്തികമാക്കുന്നതിൽ സർക്കാർ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ പ്രശ്നവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.
തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളോടു മാനേജ്മെന്റ് പുറംതിരിഞ്ഞു നിൽക്കുന്ന നിലപാട് പുനഃപരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.