ഐഎൻടിയുസിയെ തകർക്കാൻ ബിജെപിയുടെ അച്ചാരംപറ്റിയവരുണ്ടെന്ന് ചന്ദ്രശേഖരൻ
Thursday, September 19, 2019 12:43 AM IST
കണ്ണൂർ: ഐഎൻടിയുസിയെ തകർക്കാൻ ബിജെപിയിൽനിന്ന് അച്ചാരം വാങ്ങി പ്രവർത്തിക്കുന്നവരാണ് ഐഎന്‍ടിയുസി ഭാരവാഹികളെന്നുപറഞ്ഞ് ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ.
ഐഎൻടിയുസി ദേശീയ ഭാരവാഹിയാണെന്നുപറഞ്ഞ് പുറപ്പെട്ട സുന്ദരയ്യയ്ക്കും കേരളത്തിലെ ഭാരവാഹിയാണെന്നുപറഞ്ഞു നടക്കുന്ന രഘുനാഥിനും ഐഎൻടിയുസിയുമായി യാതൊരു ബന്ധവുമില്ല. ഇവർ മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണത്തിനെതിരേ കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും പരാതി നൽകിയതായി കണ്ണൂരിൽ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഐഎൻടിയുസിയെ ശിഥിലമാക്കാൻ ബിജെപി ഇറക്കിയവരാണ് ഇവരെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഐഎൻടിയുസിയെ ഭിന്നിപ്പിക്കാൻ ആസൂത്രിതനീക്കം നടക്കുന്നുണ്ട്- ചന്ദ്രശേഖരൻ പറഞ്ഞു.