പുനരൈക്യ വാർഷികവും ബഥനി ശതാബ്ദി സമാപനവും ഇന്ന്
Friday, September 20, 2019 12:54 AM IST
കോട്ടയം: മലങ്കര സുറിയാനി കത്തോലിക്കാ സഭാ പുനരൈക്യ വാർഷികത്തിന്റെ സമാപനവും ബഥനി ആശ്രമത്തിന്റെ ശതാബ്ദി ആഘോഷ സമാപനവും ഇന്നു കോട്ടയം ഗിരിദീപം കാന്പസിൽ നടക്കും.
എട്ടിനു പ്രഭാത നമസ്കാരം. മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാർമികത്വത്തിൽ സമൂഹബലി. ബിഷപ്പുമാരും വൈദികരും സഹകാർമികരാകും. കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ വചനസന്ദേശം നൽകും. 11ന് ബഥനിയുടെ ശതാബ്ദി ആഘോഷ സമാപനസമ്മേളനം ശിവഗിരി മഠം ഡയറക്ടർ ബോർഡ് അംഗം സ്വാമി ശിവസ്വരൂപാനന്ദ (അദ്വൈതാശ്രമം, ആലുവ) ഉദ്ഘാടനംചെയ്യും.
കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, ഫാ. ജോസ് കുരുവിള പീടികയിൽ ഒഐസി, എസ്ഐസി മദർ ജനറൽ സിസ്റ്റർ ലിറ്റിൽ ഫ്ളവർ, ഡിഎം മദർ ജനറൽ സിസ്റ്റർ ജെയിൽസ്, ശോശാമ്മ തോമസ് പാലനിൽക്കുന്നതിൽ, റവ. ഡോ. റെജി വർഗീസ് മനയ്ക്കലേട്ട് എന്നിവർ പ്രസംഗിക്കും.