ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന്റെ നിയമനാധികാരം സംസ്ഥാനത്തിനു നഷ്ടമായി
Friday, September 20, 2019 11:57 PM IST
തിരുവനന്തപുരം: ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന്റെ നിയമനാധികാരം സംസ്ഥാനത്തിന് നഷ്ടമായി. ഇനിമുതൽ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ സംസ്ഥാന പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ് രണ്ടംഗങ്ങൾ എന്നിവരെ കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തോടെയാണ് നിയമിക്കേണ്ടത്. ഈവർഷം ഓഗസ്റ്റിലാണ് പുതിയ നിയമം നിലവിൽ വന്നത്. ഒരു മാസത്തിനകം പുതിയ ചട്ടം നിലവിൽവരും. നിയമന കാര്യങ്ങളിൽ കേന്ദ്രം പിടിമുറുക്കിയെങ്കിലും ശന്പളവും ആനുകൂല്യങ്ങളും സംസ്ഥാന സർക്കാർതന്നെ തുടർന്നും നൽകണം.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1986ൽ പാർലമെന്റിൽ പാസാക്കിയ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനാണ് നിലവിലുള്ളത്. ഈ നിയമ പ്രകാരം കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യാധികാരമുള്ള കണ്കറനന്റ് ലിസ്റ്റിലാണ് ഉൾപ്പെടുത്തിയിരുന്നത്. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ സംസ്ഥാനത്തിന്റെ നിയമനാധികാര സ്വാതന്ത്ര്യം എടുത്തുമാറ്റിയിരിക്കുകയാണ്.
നിലവിൽ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ പ്രസിഡന്റ് ഹൈക്കോടതി ജഡ്ജിക്ക് തുല്യമായ പദവിയുള്ള ആളാണ്. മറ്റ് രണ്ടംഗങ്ങൾ സാന്പത്തികകാര്യം, നിയമം, വാണിജ്യം, അക്കൗണ്ടൻസി, വ്യവസായം, പബ്ലിക് റിലേഷൻസ് അല്ലെങ്കിൽ അഡ്മിനിസ്ട്രേഷൻ എന്നീ മേഖലകളിൽ നിന്നാണ് നിയമിച്ചിരുന്നത്.
ജില്ലാഫോറത്തിൽ സർക്കാർ നാമനിർദേശിക്കുന്ന ജില്ലാ ജഡ്ജിക്കു തുല്യമായ പദവിയുള്ള ആളിനെ പ്രസിഡന്റായും വിദ്യാഭ്യാസം, വ്യാപാരം, വാണിജ്യം മേഖലകളിൽ നിന്ന് രണ്ടംഗങ്ങളേയും നിയമിച്ചിരുന്നു. കേന്ദ്ര അഥോറിറ്റിയിലേക്ക് ജില്ലാ കളക്ടർക്ക് പരാതി കൈമാറാനുള്ള വ്യവസ്ഥ ഉൾപ്പെടെ പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വൈ.എസ്. ജയകുമാർ