വിമാനവാഹിനിയിലെ മോഷണം; ചോർത്തിയത് അതീവരഹസ്യ രേഖകൾ
Saturday, September 21, 2019 12:44 AM IST
കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ആദ്യത്തെ വിമാനവാഹിനി കപ്പലിൽ ഒരാഴ്ച മുൻപു നടന്ന മോഷണം പ്രതിരോധ രഹസ്യങ്ങൾ ചോർത്താനെന്നു സൂചന.
മുപ്പതോളം യുദ്ധവിമാനങ്ങൾ പറന്നുയരാനും അതിലേറെ സൈനിക ഹെലികോപ്റ്റർ ലാൻഡ് ചെയ്യാനും സൗകര്യമൊരുക്കുന്ന വിമാനവാഹിനിയുടെ അതിപ്രധാനമായ രേഖയടക്കം കവർന്നതായി കൊച്ചി സിറ്റി പോലീസിന്റെ അന്വേഷണ സംഘം കണ്ടെത്തി. ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായതായി ചൂണ്ടിക്കാട്ടി സിറ്റി പോലീസ് കമ്മീഷണർ ഐജി വിജയ് സാഖറെ ഡിജിപിക്കു റിപ്പോർട്ട് നൽകിയതായാണു വിവരം.
രൂപരേഖയും യന്ത്രസാമഗ്രി വിന്യാസവും രേഖപ്പെടുത്തിയ അഞ്ച് കംപ്യൂട്ടറുകളിലാണ് മോഷണം നടന്നത്. കംപ്യൂട്ടറുകളുടെ ഹാർഡ് വെയർ ഉൾപ്പെടെയാണു കടത്തിക്കൊണ്ടുപോയത്. കഴിഞ്ഞ ഞായറാഴ്ചയാണ് മോഷണം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതും എറണാകുളം സൗത്ത് പോലീസിൽ പരാതി നൽകിയതും. കേസിന്റെ പ്രാധാന്യം കണക്കിലെടുത്തു സിറ്റി പോലീസ് കമ്മീഷണറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു.
കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന പ്രാഥമിക അന്വേഷണത്തിലാണ് വൻ സുരക്ഷാ വീഴ്ചയുണ്ടായതായി വ്യക്തമായത്. ഇന്റലിജൻസ് ബ്യൂറോയും മിലിട്ടറി ഇന്റലിജൻസും സമാന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതീവ സുരക്ഷ നിലവിലുള്ള വിമാനവാഹിനിയിൽ പുറമേ നിന്നുള്ളവർക്കു പ്രവേശിക്കാൻ സാധിക്കാത്തതിനാൽ കപ്പൽ നിർമാണവുമായി ബന്ധപ്പെട്ട ജീവനക്കാരും തൊഴിലാളികളുമാണു സംശയനിഴലിലുള്ളത്. ഇവരെ ചോദ്യം ചെയ്യൽ തുടരുകയാണ്. കാലപ്പഴക്കത്തത്തുടർന്നു ഡീ കമ്മീഷൻ ചെയ്ത ഐഎൻഎസ് വിക്രാന്തിന് പകരമായിട്ടാണ് 2009 ൽ ഇന്ത്യ തദ്ദേശീയമായി ഐഎസിയുടെ (ഇൻഡിജെനസ് എയർക്രാഫ്റ്റ് കാരിയർ) നിർമാണം തുടങ്ങിയത്.
സ്വന്തമായിട്ടാണ് നിർമിക്കുന്നതെങ്കിലും റഷ്യയുടേത് ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽനിന്നുള്ള സാങ്കേതിക വിദ്യയും ഉപകരണങ്ങളും ഉപയോഗിക്കുന്നുണ്ട്. നിർമാണം തുടങ്ങിയതു മുതൽ കൊച്ചി കപ്പൽനിർമാണ ശാലയിലും കൊച്ചി അഴിമുഖത്തും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിരുന്നു.