ലോവർപെരിയാറിൽ വൈദ്യുതി ഉത്പാദനം പുനരാരംഭിച്ചു
Sunday, September 22, 2019 12:06 AM IST
ഇടുക്കി: ലോവർ പെരിയാറിൽ വൈദ്യുതി ഉത്പാദനം പുനരാരംഭിച്ചു. മരത്തടിയിടിച്ച് ട്രാഷ് റാക്ക് തകർന്നതിനെത്തുടർന്നു കഴിഞ്ഞ 12 ദിവസമായി പവർഹൗസിൽ വൈദ്യുതി ഉത്പാദനം നിർത്തിവച്ചിരിക്കുകയായിരുന്നു. അറ്റകുറ്റപ്പണി പൂർത്തിയാക്കി ഇന്നലെ രാത്രി ഏഴോടെയാണ് മൂന്നു ജനറേറ്ററുകൾ പ്രവർത്തിച്ചുതുടങ്ങിയത്.
കഴിഞ്ഞ പത്തിനു പവർഹൗസിൽ വെള്ളത്തിന് ആവശ്യമായ ശക്തിയില്ലാതെ വന്നതിനെത്തുടർന്നു അധികൃതർ നടത്തിയ പരിശോധനയിലാണ് 30 മീറ്റർ ഉയരവും 70 ടണ്ണോളം ഭാരവുമുള്ള ട്രാഷ് റാക്കിനു തകരാർ കണ്ടെത്തിയത്.
ഇതോടെ ജനറേറ്ററുകളുടെ പ്രവർത്തനം നിർത്തിവയ്ക്കുകയായിരുന്നു. ഒഴുകിയെത്തിയ മരത്തടി ടണൽ മുഖത്തെ ട്രാഷ് റാക്കിന്റെ ഒരു ഭാഗം തകർത്ത് 13 കിലോ മീറ്ററോളം ദൂരം ടണലിലൂടെ സഞ്ചരിച്ചു ജനറേറ്ററിനു സമീപം വരെയെത്തിയിരുന്നു. 60 മെഗാവാട്ടിന്റെ മൂന്നു ജനറേറ്ററുകളാണ് ലോവർ പെരിയാറിലുള്ളത്.