മണിയംകുന്ന് പള്ളിയുടെ പുരയിടവും തോട്ടമായി
Sunday, September 22, 2019 12:24 AM IST
മണിയംകുന്ന്: വർഷങ്ങളായി പുരയിടമായി കരം അടച്ചുകൊണ്ടിരുന്ന പള്ളിയുടെ സ്ഥലവും രേഖയിൽ തോട്ടമായി. ഇതോടെ പൂഞ്ഞാർ, മണിയംകുന്ന് തിരുഹൃദയപള്ളിയുടെ കരമടയ്ക്കാൻ കഴിഞ്ഞില്ല.
കഴിഞ്ഞ ദിവസം പള്ളിയുടെ ആറേക്കർ സ്ഥലത്തിന്റെ കരം അടയ്ക്കാനായി ട്രസ്റ്റി ടോമി തോമസ് പൂഞ്ഞാർ വില്ലേജ് ഓഫീസിൽ എത്തിയപ്പോഴാണ് സ്ഥലത്തിന്റെ ബിടിആർ രജിസ്ട്രറിൽ ഇനം എന്ന കോളത്തിൽ തോട്ടം എന്നു രേഖപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടത്. ഇതിനെത്തുടർന്ന് കരം അടയ്ക്കാൻ സാധിച്ചില്ല. മീനച്ചിൽ, കാഞ്ഞിരപ്പളളി താലൂക്കുകളിലെ 12 വില്ലേജുകളിലായി നാല്പതിനായിരത്തോളം കർഷകർ ഈ പ്രശ്നം അഭിമുഖീകരിക്കുന്നുണ്ട്. പുരയിടം തോട്ടമായി മാറിയ വിഷയത്തിൽ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കഴിഞ്ഞ ദിവസം ഇൻഫാമിന്റെയും കർഷകവേദിയുടെയും ആഭിമുഖ്യത്തിൽ ഈ പ്രശ്നം അഭിമുഖീകരിക്കുന്ന കർഷകരുടെയും സ്ഥലം ഉടമകളുടെയും മഹാസമ്മേളനം പാലായിൽ നടന്നിരുന്നു.