യാക്കോബായ സഭയുടെ ഉപവാസം 24ന്
Sunday, September 22, 2019 12:24 AM IST
കൊച്ചി: യാക്കോബായ സുറിയാനി സഭയ്ക്കു നീതി ആവശ്യപ്പെട്ടു ശ്രേഷ്ഠ ബാവയും മെത്രാപ്പോലീത്തമാരും 24ന് എറണാകുളം മറൈൻ ഡ്രൈവിൽ ഉപവാസസമരം നടത്തുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയാണ് ഉപവാസം. ഓർത്തഡോക്സ് വിഭാഗത്തിന്റെ മനുഷ്യത്വരഹിതമായ നടപടികളോട് പ്രതിഷേധിക്കുക, ഇടവകക്കാരുടെ അവകാശങ്ങളും ദേവാലയങ്ങളും സംരക്ഷിക്കുക, സെമിത്തേരിയിൽ മാന്യമായി സംസ്കാരം നടത്തുന്നതിന് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉപവാസ സമരം.
സുപ്രീകോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് 1934ലെ ഭരണഘടനയുടെ അസൽ പതിപ്പ് ഹാജരാക്കാൻ ഓർത്തഡോക്സ് സഭയോട് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടത്. എന്നാൽ, ഓർത്തഡോക്സ് വിഭാഗം ഭരണഘടന ഹാജരാക്കാതെ സർക്കാരിനും ചീഫ് സെക്രട്ടറിക്കുമെതിരേ കോടതി അലക്ഷ്യത്തിന് സുപ്രീംകോടതിയിൽ കേസ് നൽകുകയായിരുന്നു. ഇതിൽ ദുരൂഹതയുണ്ട്.
പിറവം പള്ളിയിലേക്കു പ്രക്ഷോഭങ്ങളുമായി ഓർത്തഡോക്സ് വിഭാഗമെത്തിയാൽ ഇടവകക്കാരുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും പ്രതിഷേധമെന്നും മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു.