മരണങ്ങൾ ആത്മഹത്യയെന്ന് അഡ്വ. ആളൂർ
Friday, October 11, 2019 1:07 AM IST
കൊച്ചി: കൂടത്തായിലെ കൂട്ടമരണങ്ങൾ ആത്മഹത്യയാണെന്ന് അഡ്വ. ബി.എ. ആളൂർ. സയനൈഡ് ഉള്ളിൽ ചെന്നത് സ്വയം കഴിച്ചതോ, പ്രതി നൽകിയതോ എന്ന കാര്യം തെളിയിക്കപ്പെടണമെന്നും കേസിലെ മുഖ്യപ്രതി ജോളിക്കുവേണ്ടി ഹാജരാകുന്ന ആളൂർ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടിയൊഴികെ മറ്റെല്ലാവരുടെയും മരണം ആത്മഹത്യ അല്ലെങ്കിൽ ഹൃദയാഘാതം പോലുള്ള മറ്റു കാരണങ്ങൾ കൊണ്ടോ ആകാമെന്നാണ് വാർത്തകളിൽനിന്നു മനസിലാക്കുന്നത്. ഈ മരണങ്ങളൊക്കെ നരഹത്യയാണെന്ന് തെളിയിക്കേണ്ടത് പ്രോസിക്യൂഷനാണ്. സംഭവത്തിനു ദൃക്സാക്ഷികളില്ല, സാഹചര്യത്തെളിവുകൾ മാത്രമേയുള്ളൂ. പ്രതി കൊടുത്ത മൊഴി പ്രതിക്കെതിരേ ഉപയോഗിക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
ആറു ദിവസം കൊണ്ട് കേസിലെ യഥാർഥ വസ്തുതകൾ പുറത്തുവരും. തെളിവുണ്ടാക്കാൻ പോലീസിനു കഴിയില്ല. ക്രിമിനൽ അഭിഭാഷകൻ എന്ന നിലയിൽ താൻ വിശ്വസിക്കുന്നത് പോലീസ് കുറ്റപത്രം സമർപ്പിക്കില്ലെന്നാണ്. തന്നെ സമീപിച്ചത് ജോളിയുടെ ഏറ്റവുമടുത്ത ആളുകളാണ്. പ്രതിയുടെ അവകാശം സംരക്ഷിക്കുമെന്നും പ്രോസിക്യൂഷനു തെളിവുകൾ കണ്ടെത്താൻ സാധിക്കില്ലെന്നും ആളൂർ പറഞ്ഞു.
പ്രശസ്തി ലക്ഷ്യമിട്ടാണ് താൻ കേസ് ഏറ്റെടുത്തത് എന്ന വാദത്തിൽ കഴന്പില്ല. എല്ലാ കേസുകളും പ്രധാനപ്പെട്ടതാണ്. പ്രതിക്ക് അഭിഭാഷകനെ വയ്ക്കാൻ നിയമം അനുവദിക്കുന്നുണ്ട്. പ്രതി ചുമതലപ്പെടുത്തിയത് പ്രകാരമാണ് കേസ് ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു.