വിവരാവകാശ നിയമത്തെ ദുർബലമാക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധം: ജസ്റ്റീസ് ഷംസുദ്ദീൻ
Sunday, October 13, 2019 12:26 AM IST
കൊച്ചി: പൗരന്റെ മൗലികാവകാശം സംരക്ഷിക്കുന്നതിന് ഇന്ത്യൻ പാർലമെന്റ് പാസാക്കിയ വിവരാവകാശനിയമത്തെ ദുർബലപ്പെടുത്താനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രമങ്ങളെ പൊതുസമൂഹം ചെറുത്തു തോൽപ്പിക്കണമെന്നു ജസ്റ്റീസ് പി.കെ. ഷംസുദ്ദീൻ. വിവരാവകാശനിയമത്തെ ശക്തിപ്പെടുത്തേണ്ടതിനു പകരം ദുർബലപ്പെടുത്താനുള്ള നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
വിവരാവകാശ നിയമത്തിന്റെ പതിനാലാം വാർഷികത്തിൽ "വിവരാവകാശ നിയമത്തിനു കൊലക്കയർ’ എന്ന വിഷയത്തെ ആസ്പദമാക്കി എറണാകുളം കച്ചേരിപ്പടിയിലെ ഗാന്ധി പ്രതിമയ്ക്കു മുന്പിൽ നടത്തിയ പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു ജസ്റ്റീസ് ഷംസുദ്ദീൻ.
ജനാധിപത്യത്തിന്റെ നെടുംതൂണുകളായ എക്സികൂട്ടിവ്, ലെജിസ്ലേച്ചർ, ജുഡീഷറി എന്നീ ഭരണഘടനാ സ്ഥാപനങ്ങളും വിവരാവകാശ കമ്മീഷനും വിവരാവകാശ നിയമത്തെ പരിമിതപ്പെടുത്താൻ ശ്രമിക്കുകയാണെന്നു മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. ഡി.ബി. ബിനു അഭിപ്രായപ്പെട്ടു.
2.18 ലക്ഷം ആർടിഐ കേസുകളാണ് രാജ്യത്തെ വിവിധ വിവരാവകാശ കമ്മീഷനുകളിൽ തീർപ്പാകാതെ കിടക്കുന്നത്.
97 ശതമാനം കേസുകളിലും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ കമ്മീഷൻ ശിക്ഷിക്കാൻ കൂട്ടാക്കുന്നില്ലെന്നും ഡി.ബി. ബിനു പറഞ്ഞു. ആർടിഐ കേരള ഫെഡറേഷൻ, പ്രവാസി ലീഗൽ സെൽ, പ്രോ ആക്റ്റീവ് പീപ്പിൾസ് ഫെഡറേഷൻ, ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്റ്, ചാവറ കൾച്ചറൽ സെന്റർ എന്നീ സംഘടനകൾ സംയുക്തമായാണ് പ്രതിഷേധ സംഗമം നടത്തിയത്. അഡ്വ. എം.ആർ. രാജേന്ദ്രൻ നായർ, അഡ്വ. ജോസ് ഏബ്രഹാം, സെജി മൂത്തേരി, കെ.കെ. സാബു, റപ്പായി തൃശൂർ, ജോളി പവേലിൽ, കെ.എ. ഇല്ല്യാസ്, രാജൻ മാസ്റ്റർ, വേണുഗോപാല പിള്ള എന്നിവർ പ്രസംഗിച്ചു.