രാഷ്ട്രീയം തൊഴിലല്ലാത്തവരുടെ സംഘടന തുടങ്ങി
Monday, October 14, 2019 12:09 AM IST
കൊച്ചി: വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എറണാകുളത്ത് യോഗം ചേര്‍ന്നു ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന പേരില്‍ സംഘടന രൂപീകരിച്ചു. പ്രകൃതിയെയും മനുഷ്യനെയും സ്നേഹിക്കുന്ന, സമാധാനവും സ്ഥിര വികസനവും ആഗ്രഹിക്കുന്ന രാഷ്ട്രീയം തൊഴിലല്ലാത്തവരുടെ സംഘടന എന്നതാണ് ഇവര്‍ മുന്നോട്ടു വയ്ക്കുന്ന ആശയം.
മഹാകവി ജി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജോര്‍ജ് സെബാസ്റ്റ്യന്‍ അധ്യക്ഷതവഹിച്ചു. വി.ഡി. സതീശന് എംഎല്‍എ സംസ്ഥാനതല കണ്വന്ഷന് ഉദ്ഘാടനംചെയ്തു. മൂല്യച്യുതികള്‍ക്കും, ഭരണരംഗത്തെ അഴിമതികള്‍ക്കും, പ്രകൃതി ചൂഷണങ്ങള്‍ക്കുമെതിരേ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വെബ്സൈറ്റ് ലോഞ്ചിംഗ് ഹൈബി ഈഡന് എംപി നിര്‍വഹിച്ചു. പി.എസ്.സുനില്‍, ആറ്റിങ്ങല്‍ ശ്രീവത്സന്‍, ടി.പി. നൂറുദീന്‍ എന്നിവര്‍ പ്രസംഗിച്ചു.