നെതർലൻഡ്സ് രാജാവും രാജ്ഞിയും ഇന്നു കൊച്ചിയിൽ
Thursday, October 17, 2019 12:57 AM IST
കൊച്ചി: നെതർലൻഡ്സ് രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി ഇന്നു കൊച്ചിയിലെത്തും. ഡൽഹിയിലെയും മുംബൈയിലെയും പര്യടനം പൂർത്തിയാക്കി ഇന്ന് ഉച്ചയ്ക്ക് ഒന്നിന് നെടുന്പാശേരി വിമാനത്താവളത്തിലെത്തുന്ന രാജദന്പതികൾക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.
നെടുന്പാശേരിയിൽനിന്നു റോഡ് മാർഗം 2.15ന് മട്ടാഞ്ചേരിയിലെത്തുന്ന രാജാവും സംഘവും ഡച്ച് പാലസ് സന്ദർശിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെയും മേയർ സൗമിനി ജയിനിന്റെയും നേതൃത്വത്തിൽ സ്വീകരണം നല്‍കും. തുടർന്ന് പാലസിൽ നിന്നു കൂവപ്പാടത്തെത്തുന്ന രാജാവ് ഡച്ച് കന്പനിയായ നെഡ്സ്പൈസിലെത്തി പ്രവർത്തനം വീക്ഷിക്കും.
വെല്ലിംഗ്ടണ്‍ ഐലൻഡിലെ ടാജ് മലബാർ ഹോട്ടലിൽ വൈകുന്നേരം 6.45ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് മുഖ്യമന്ത്രി ഒരുക്കുന്ന വിരുന്നിൽ പങ്കെടുക്കും.
നാളെ രാവിലെ 10.15ന് ആലപ്പുഴയിലെത്തുന്ന രാജാവും രാജ്ഞിയും ഹൗസ്ബോട്ടിൽ യാത്ര ചെയ്യും. 12.45ന് ടാജ് മലബാറിൽ ഡച്ച് മാധ്യമങ്ങളുമായി സംസാരിക്കും. രാത്രി 7.30ന് പ്രത്യേക വിമാനത്തിൽ ആംസ്റ്റർഡാമിലേക്ക് തിരിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നെതർലൻഡ്സ് സന്ദർശനത്തിന്റെ തുടർച്ചയായാണ് രാജാവിന്റെ നേതൃത്വത്തിൽ ഉന്നതതല സംഘം കേരളത്തിലെത്തുന്നത്.