ഏഴു വയസുകാരന്റെ കൊലപാതകം: പോക്സോ കേസിൽ ഉടൻ വിചാരണ നടത്താൻ ഉത്തരവ്
Thursday, October 17, 2019 12:57 AM IST
തൊടുപുഴ: ഏഴു വയസുകാരനെ മർദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെ ചുമത്തിയ പോക്സോ കേസ് വിചാരണ മൂന്നു മാസത്തിനകം പൂർത്തിയാക്കാൻ തൊടുപുഴ പോക്സോ കോടതി ഉത്തരവിട്ടു.
മരിച്ച കുട്ടിയുടെ ഇളയ സഹോദരനായ നാലു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണു കേസ്. പ്രതി തിരുവനന്തപുരം ജഗതി ആനന്ദ് വിഹാറിൽ അരുണ്‍ ആനന്ദ്(36) നൽകിയ ജാമ്യാപേക്ഷയും കോടതി തള്ളി. പ്രതിക്കെതിരേ ഗുരുതരമായ കുറ്റമാണ് ആരോപിച്ചിട്ടുള്ളതെന്നു ജാമ്യാപേക്ഷ പരിഗണിച്ച തൊടുപുഴ പോക്സോ സ്പെഷൽ കോടതി ജഡ്ജി കെ.അനിൽകുമാർ പറഞ്ഞു. പ്രതിക്കു ജാമ്യം അനുവദിച്ചാൽ അതു സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നും കോടതി വിലയിരുത്തി.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.
കഴിഞ്ഞ മാർച്ച് 28നാണ് അരുണ്‍ ആനന്ദിന്റെ ക്രൂര മർദനത്തെത്തുടർന്ന് ഏഴു വയസുള്ള കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഏപ്രിൽ ആറിനു കുട്ടി മരിച്ചു. ഈ കേസിൽ റിമാൻഡിൽ കഴിയുകയാണ് പ്രതി.
മർദനത്തിനു കൂട്ടുനിന്നതിനും തടയാതിരുന്നതിനും കുട്ടിയുടെ മാതാവും കേസിൽ പ്രതിയാണ്. കേസിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇവർ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.