പുത്തൻകുരിശ് പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം പ്രാർഥന നടത്തി
Thursday, October 17, 2019 1:23 AM IST
കോലഞ്ചേരി: യാക്കോബായ വിഭാഗത്തിന്റെ കൈവശമുള്ള സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ ഇന്നലെ രാവിലെ ഏഴരയോടെ ഓർത്തഡോക്സ് പക്ഷക്കാരായ നൂറോളം പേർ പ്രാർഥന നടത്തി. ഫാ. തോമസ് ചകിരിയിലിന്റെ നേതൃത്വത്തിലാണ് ഓർത്തഡോക്സ് വിഭാഗം പളളിയിൽ പ്രവേശിച്ചത്.
തഹസിൽദാരുടെയും പുത്തൻകുരിശ് സിഐയുടെയും സാന്നിധ്യത്തിൽ പള്ളി തുറന്നു കയറാനുള്ള താക്കോൽ യാക്കോബായ വിഭാഗം ഭാരവാഹികൾ പള്ളിക്കുള്ളിലെ നടയിൽ വച്ചിരുന്നു. ഈ താക്കോലെടുത്തു തുറന്നാണു ഓർത്തഡോക്സ് വിഭാഗം പളളിയിൽ കയറിയത്. യാക്കോബായ വിശ്വാസികൾ പള്ളിക്കു പുറത്തു കൂടിയിരുന്നെങ്കിലും അവർ പിന്നീടു സമാധാനപരമായി പിരിഞ്ഞുപോയി. ശ്രേഷ്ഠ കാതോലിക്ക തോമസ് പ്രഥമൻ ബാവയുടെ മാതൃഇടവക കൂടിയാണ് പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പളളി.