ആർസിഇപി കരാർ: പ്രധാനമന്ത്രിക്കു രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ നിവേദനം
Friday, October 18, 2019 11:57 PM IST
കോട്ടയം: ആർസിഇപി കർഷക വിരുദ്ധ കരാറിൽ കേന്ദ്രസർക്കാർ ഇപ്പോൾ തുടരുന്ന അടവുനയം അവസാനിപ്പിച്ച് പിന്മാറണമെന്നാവശ്യപ്പെട്ടു സ്വതന്ത്ര കർഷക പ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ജില്ലാ കളക്ടർമാർ വഴി പ്രധാനമന്ത്രിക്കു നിവേദനം നൽകി.
സംസ്ഥാനതല നിവേദനം കോട്ടയത്തു ജില്ലാ കളക്ടർ പി.കെ.സുധീർ ബാബുവിനു രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ഷെവലിയാർ വി.സി.സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ വൈസ് ചെയർമാൻമാരായ ഡിജോ കാപ്പൻ, ജോർജ് ജോസഫ് തെള്ളിയിൽ, കണ്‍വീനർമാരായ പി.പി.ജോസഫ്, വി.ജെ.ലാലി എന്നിവർ ചേർന്നു സമർപ്പിച്ചു.
നിലവിൽ വിവിധ അംഗരാജ്യങ്ങളുമായി വ്യാപാരക്കമ്മി 10,500 കോടി നിലനിൽക്കുന്പോൾ ആർസിഇപി സ്വതന്ത്രവ്യാപാരക്കരാറുമായി മുന്നോട്ടുനീങ്ങിയാൽ ആഗോള കന്പോളമായി ഇന്ത്യ മാറുക മാത്രമല്ല, ഈസ്റ്റ് ഇന്ത്യ കന്പനി ഇന്ത്യ കീഴടക്കിയതുപോലെ ചൈന കീഴടക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും.
വാണിജ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ തീരുമാനങ്ങൾക്കനുസരിച്ച് ഇന്ത്യയുടെ കൃഷി വ്യവസായ മേഖലയെ തീറെഴുതിക്കൊടുക്കുന്നത് ആത്മഹത്യാപരമാണെന്നും കരാറിൽനിന്ന് ഇന്ത്യ പിന്മാറണമെന്നും നിവേദനം സമർപ്പിച്ച ശേഷം രാഷ്ട്രീയ കിസാൻ മഹാസംഘ് ഭാരവാഹികൾ പറഞ്ഞു.