ഇടിമിന്നലിനു സാധ്യത; ജാഗ്രത പാലിക്കണം
Saturday, October 19, 2019 12:34 AM IST
കൊച്ചി: ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന മഴയ്ക്കൊപ്പം ഉച്ചകഴിഞ്ഞു രണ്ടു മുതൽ രാത്രി 10 വരെ ഇടിമിന്നലോടെയുള്ള ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത്തരം ഇടിമിന്നലുകൾ അപകടകരമായതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പു നൽകി.
ശക്തമായ മഴയ്ക്കൊപ്പം ദൃശ്യമല്ലാത്ത മിന്നലുകളാണ് ഈ സമയത്തെ മഴയുടെ പ്രത്യേകത. ഉച്ചകഴിഞ്ഞു രണ്ടുമുതൽ രാത്രി 10 വരെ തുറസായ സ്ഥലത്തും ടെറസിലും കളിക്കുന്നത് ഒഴിവാക്കണം. തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട പ്രസംഗവേദികളിൽ ഇടിമിന്നലുള്ള സമയത്തെ മൈക്ക് ഉപയോഗിച്ചുള്ള പ്രസംഗം ഒഴിവാക്കണം. ഇടിമിന്നലിന്റെ ആദ്യലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്കു മാറുകയും ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും വേണം.
ലോഹവസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. മൊബൈൽ ഫോണ് ഫോണ് ഉപയോഗിക്കരുത്. വീടിനു പുറത്താണെങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനത്തിനുള്ളിൽ ആണെങ്കിൽ തുറസായ സ്ഥലത്തു നിർത്തി ലോഹഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം. ഇടിമിന്നൽ ഉണ്ടാകുന്പോൾ ജലാശയത്തിൽ ഇറങ്ങാൻ പാടില്ല. തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽമുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കണമെന്നും ജാഗ്രതാ നിർദേശത്തിൽ പറയുന്നു.
തീരമേഖലകളിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.