അഭയ കേസ്: ഡോക്ടറെ വിസ്തരിക്കാൻ അഭിഭാഷക കമ്മീഷനെ വയ്ക്കണമെന്നു ഹർജി
Sunday, October 20, 2019 12:37 AM IST
തിരുവനന്തപുരം: അഭയ കേസിലെ പ്രതി സിസ്റ്റർ സെഫിയെ വൈദ്യപരിശോധന നടത്തിയ ഗൈനക്കോളജി വിഭാഗം ഡോക്ടറെ അഭിഭാഷക കമ്മീഷനെ വച്ചു വിസ്തരിക്കണമെന്നാവശ്യപ്പെട്ടു സിബിഐ നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ഇക്കാര്യത്തിൽ പ്രതിഭാഗത്തിനു തർക്കം ഉണ്ടെങ്കിൽ അതു തിങ്കളാഴ്ച ഫയൽ ചെയ്യാം.
ആലപ്പുഴ മെഡിക്കൽ കോളജിലെ മുൻ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. രമയെ അഭിഭാഷക കമ്മീഷൻ മുഖാന്തരം വിസ്തരിക്കണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്. ഇവർ ചലനശേഷി നഷ്ട്ടപ്പെട്ടു കിടപ്പിലായതാണ് കാരണം.
ഇതിനിടെ, കേസിലെ ഇരുപതാം സാക്ഷിയായ മുൻ ക്രൈംബ്രാഞ്ച് എസ്ഐ ജേക്കബിനെ കോടതി വിസ്തരിച്ചു.
ബംഗളൂരു ഫോറൻസിക് വകുപ്പിലെ ഡോക്ടർമാരായ പ്രവീണ്‍, കൃഷ്ണവേണി എന്നിവരെ വിസ്തരിക്കാൻ കഴിയില്ലെന്നു കാണിച്ചു പ്രതിഭാഗം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ, സാക്ഷിയുടെ മൊഴി രേഖപ്പെടുത്താം, അതു തെളിവായി സ്വീകരിക്കുകയാണെങ്കിൽ പ്രതിഭാഗത്തിനു തർക്കം ഉന്നയിക്കാം എന്നും കോടതി ഉത്തരവിട്ടു.