പ്രത്യേക പരിഗണനാർഹരോടുള്ള കനിവ് കൂടണം: വി.കെ. ശ്രീകണ്ഠൻ
Monday, October 21, 2019 1:26 AM IST
ഒറ്റപ്പാലം: പ്രത്യേക പരിഗണന അർഹിക്കുന്നവരെന്ന അവകാശമുണ്ടായിട്ടും സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്താൻ സാധിക്കാത്തവർക്കു വേണ്ടിയുള്ള കരുതലും അവരോടുള്ള കനിവും വർധിക്കേണ്ടിയിരിക്കുന്നുവെന്ന് പാലക്കാട് എംപി വി.കെ. ശ്രീകണ്ഠൻ. സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷി ക്കാരെന്നു സമൂഹം വിളിക്കുന്ന ഇത്തരം പ്രതിഭകളിൽ സർഗശേഷിയുള്ള വലിയ കലാകാരന്മാർ ഉറങ്ങിക്കിടക്കുന്നുണ്ട്. ഇത്തരം കലാമേളകൾ വഴി അവരുടെ സർഗശേഷി കണ്ടെത്തുകയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുകയുമാണു ചെയ്യെണ്ടതെന്നും ശ്രീകണ്ഠൻ പറഞ്ഞു. ഒറ്റപ്പാലം നരസഭാ ചെയർമാൻ എൻ.എം. നാരായണൻ നമ്പൂതിരി അധ്യക്ഷനായി. പി. ഉണ്ണി എംഎൽഎ. സമ്മാനദാനം നടത്തി.
ഒറ്റപ്പാലം നഗരസഭ കൗണ്‍സിലർമാരായ സത്യൻ പെരുമ്പറകോട്, പി.എം.എ. ജലീൽ. ജനറൽ കണ്‍വീനർ പി.എൽ. സന്തോഷ്, പി. കൃഷ്ണൻ, എൽ.ആർ. ഹേമ, വി. സുകുമാരൻ, യു.എ. മജീദ് എന്നിവർ പ്രസംഗിച്ചു.