ഭിന്നശേഷിക്കാരനായ ലോട്ടറി വ്യാപാരിയെ മർദിച്ച് കവർച്ച നടത്തിയ മൂന്നു പേർ അറസ്റ്റിൽ
Monday, October 21, 2019 10:39 PM IST
വാഴക്കുളം: വാഴക്കുളത്ത് ഭിന്നശേഷിക്കാരനായ ലോട്ടറി വ്യാപാരിയെ മർദിച്ച് പണവും ലോട്ടറി ടിക്കറ്റുകളും കവർന്ന സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു.
കാവന വലിയപറന്പിൽ ഉലഹന്നാൻ (ഓനച്ചൻ), കദളിക്കാട് പുളിപ്പറന്പിൽ സുധീഷ് മോൻ, വളോമറ്റത്തിൽ ഉണ്ണി എന്നിവരെയാണ് വാഴക്കുളം പോലീസ് അറസ്റ്റു ചെയ്തത്. പുതുപറന്പിൽ പുരുഷോത്തമ(65)നെ മർദിച്ച് 5000 രൂപയും ലോട്ടറി ടിക്കറ്റുകളുമാണ് പ്രതികൾ തട്ടിയെടുത്തത്.
ഞായറാഴ്ച ഉച്ചയ്ക്ക് 1.15ന് വാഴക്കുളത്ത് വർക്ക്ഷോപ്പിനു മുന്നിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലോട്ടറി കച്ചവടം നടത്തുകയായിരുന്ന പുരുഷോത്തമനെ മൂന്നംഗസംഘം മർദിച്ച് പണവും ലോട്ടറികളും തട്ടിയെടുക്കുകയായിരുന്നു.
പുരുഷോത്തമന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എസ്ഐ ജി.എസ്. ഗിരീഷ്, എഎസ്ഐ മാത്യു അഗസ്റ്റിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജെ. അനിൽകുമാർ, എൻ.എം. ബിനു, പി.എം. ജിൻസണ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 2650 രൂപയും 12 ലോട്ടറികളും പോലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.