കേസ്ഫയൽ മുക്കിയത് ആര്‍ക്കുവേണ്ടി? ഉത്തരം തേടി ക്രൈംബ്രാഞ്ച്
Monday, October 21, 2019 11:18 PM IST
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ പൊന്നാമറ്റത്തില്‍ റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ടു കേസ്ഫയല്‍ മുക്കിയത് ആര്‍ക്കുവേണ്ടിയെന്ന ചോദ്യത്തിന് ഉത്തരം തേടി അന്വേഷണസംഘം. ഇത്രയും പ്രമാദമായ കേസിലെ രേഖകള്‍ സമര്‍പ്പിക്കുന്നതിലെ കാലതാമസം ഗൗരവമായി "കൈകാര്യം' ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.
രേഖകള്‍ സമര്‍പ്പിക്കുന്നതിലെ കാലതാമസം വിവാദമായതോടെ എഫ്ഐആര്‍ ഉള്‍പ്പെടെയുള്ള അസല്‍ കേസ് രേഖകള്‍ ശനിയാഴ്ച വൈകിട്ടു കോടതി സമയം അവസാനിക്കുന്നതിന് തൊട്ടുമുന്‍പാണ് ആർഡിഒ കോടതിയില്‍നിന്നു താമരശേരി കോടതിയില്‍ ഒരു ഉദ്യോഗസ്ഥന്വഴി നേരിട്ടു നല്‍കിയത്. ഇത്രയും ദിവസമായിട്ടും അസല്‍ രേഖകള്‍ ഹാജരാക്കാത്ത കാര്യം കഴിഞ്ഞ വെള്ളിയാഴ്ച പ്രതികളെ കോടതിയില്‍ ഹാജരാക്കവേ പ്രതിഭാഗം അഭിഭാഷകര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
കാലതാമസം വരുത്തിയതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാനാണ് തീരുമാനം. കോടഞ്ചേരി പോലീസ് 189/11 ക്രൈം നമ്പറായി 174 സിആര്‍പിസി പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് വിശദമായി അന്വേഷിക്കാത്ത സംഭവത്തില്‍ അന്നത്തെ കോടഞ്ചരി എസ്ഐ രാമനുണ്ണിക്കുപുറമെ മുന്‍ ആര്‍ഡിഒ, താമരശേരി മുന്‍ ഡിവൈഎസ്പി, മുന്‍ സിഐ എന്നിവര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്. സയനൈഡ് ഉള്ളില്‍ചെന്നാണ് 2011 സെപ്റ്റംബര്‍ 30ന് റോയ് തോമസ് മരിച്ചതെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടും തുടരന്വേഷണം നടത്താതിരുന്നതില്‍ ദുരൂഹതയുണ്ടെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ പറയുന്നു.
കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മൃതദേഹത്തിന്റെ ആന്തരാവയവ പരിശോധന നടത്തേണ്ടതാണ്. അതുണ്ടായില്ല.