മഴ: ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സ്ഥിതി വിലയിരുത്തി
Monday, October 21, 2019 11:23 PM IST
തിരുവനന്തപുരം: മഴ ശക്തമാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ സംസ്ഥാന അടിയന്തിരഘട്ട കാര്യനിർവഹണ കേന്ദ്രം പൂർണ സജ്ജമായിരിക്കാൻ ചീഫ് സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തുണ്ടായ സാഹചര്യം യോഗം വിലയിരുത്തി. ആഭ്യന്തര, ആരോഗ്യ, ജലവിഭവ, വൈദ്യുതി സെക്രട്ടറിമാരും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടറും ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറിയും യോഗത്തിൽ പങ്കെടുത്തു.
ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയെ സംസ്ഥാന ഇൻസിഡന്റ് കമ്മീഷണറായി യോഗം ചുമതലപ്പെടുത്തി. ദുരന്ത സാഹചര്യമുണ്ടായാൽ നേരിടാൻ ദേശീയ ദുരന്ത നിവാരണ സേനയുടെ നിലവിലുള്ള നാലു സംഘങ്ങളെ കൂടാതെ അഞ്ച് സംഘങ്ങളെ അധികമായി ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. നേവി, കോസ്റ്റ് ഗാർഡ്, എയർ ഫോഴ്സ് എന്നിവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളതായി ദുരന്ത നിവാരണ അഥോറിറ്റി മെമ്പർ സെക്രട്ടറി യോഗത്തിൽ അറിയിച്ചു. മത്സ്യബന്ധനത്തിന് കടലിലേക്ക് പോകുന്നത് പൂർണമായി വിലക്കിയിട്ടുണ്ട്. കനത്ത മഴ രണ്ടു ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ യോഗത്തിൽ അറിയിച്ചു.