ഉത്തരക്കടലാസ് ചോർച്ച: ക്രൈംബ്രാഞ്ച് കേസെടുത്തു
Wednesday, October 23, 2019 11:36 PM IST
തിരുവനന്തപുരം: കേരള സർവകലാശാലയുടെ ഉത്തരക്കടലാസുകൾ ചോർന്ന സംഭവത്തിൽ ക്രൈം ബ്രാഞ്ച് കേസെടുത്തു. കേരള സർവകലാശാല രജിസ്ട്രാർ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരിയാണ് കേസെടുക്കാൻ നിർദേശം നൽകിയത്. ചോർന്നത് കേരള സർവലാശാലയുടെ കേന്ദ്രീകൃത മൂല്യനിർണ ക്യാന്പിൽ നിന്നാണെന്നാണ് പ്രാധമിക വിവരം. 2016, 2017, 2018 വർഷത്തെ 45 ഉത്തരക്കടലാസുകൾ ചോർന്നുവെന്നാണ് രജിസ്ട്രാർ നൽകിയ പരാതിയിൽ പറയുന്നത്. ഏറെ വിവാദമായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് കത്തിക്കുത്ത് കേസിന്റെ അന്വേഷണത്തിനിടെയാണ് മുഖ്യപ്രതികളിലൊരാളായ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് ഉത്തരക്കടലാസുകൾ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കന്റോണ്മെന്റ് പോലീസ് രജിസ്റ്റർ ചെയ്തിരുന്ന കേസും ക്രൈംബ്രാഞ്ചിനു കൈമാറിയിരിക്കുകയാണ്.