പാലാരിവട്ടം പാലം: പുനർനിർമാണം ഡിഎംആർസിക്ക്
Wednesday, October 23, 2019 11:47 PM IST
തിരുവനന്തപുരം: പാലാരിവട്ടം പാലത്തിന്റെ പുനർനിർമാണം സംബന്ധിച്ചു സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശിപാർശ അംഗീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. പാലം പുതുക്കി പണിയണമെന്ന ഇ. ശ്രീധരന്റെ അഭിപ്രായം സ്വീകരിക്കാനാണു വിദഗ്ധ സമിതി ശിപാർശ ചെയ്തത്. പുതുക്കി പണിതാൽ പാലത്തിന് 100 വർഷം ആയുസ് ലഭിക്കുമെന്നാണു ശ്രീധരൻ സർക്കാരിനു നൽകിയ റിപ്പോർട്ട്.
പാലത്തിന്റെ പുനർനിർമാണം ഏറ്റെടുക്കാമെന്ന ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ (ഡിഎംആർസി) വാഗ്ദാനം സ്വീകരിച്ചു. പാലത്തിന്റെ തകരാറു കാരണം നഷ്ടം വന്ന തുക ബന്ധപ്പെട്ട കോണ്ട്രാക്ടറിൽനിന്ന് ഈടാക്കാൻ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷനു നിർദേശം നൽകും. ഈ തീരുമാനം ഹൈക്കോടതിയെ അറിയിക്കും.
സഞ്ജയ് ഗാർഗിനെ പട്ടികജാതി- വർഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.