ബെർക്ക്മാൻസ് സംരംഭക അവാർഡ് ആൻസ് ഗ്രൂപ്പിനും അസിമോവ് റോബോട്ടിക്സിനും
Wednesday, October 23, 2019 11:47 PM IST
ചങ്ങനാശേരി: രജത ജൂബിലി വർഷത്തിലേക്കു പ്രവേശിക്കുന്ന എസ്ബി കോളജ് എംബിഎ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ കേരളത്തിലെ മികച്ച വ്യവസായ സംരംഭകർക്കു നൽകുന്ന 24-ാമത് ബെർക്ക് എംപ്രസാരിയോ അവാർഡിന് ആൻസ് ബേക്കറി ആൻഡ് കണ്‍ഫെക്ഷനറി സ്ഥാപകയായ അന്നമ്മ ജോസഫ് കൊട്ടുകാപ്പള്ളി അർഹയായി.
നാളെ രാവിലെ 11ന് മാർ കാവുകാട്ട് ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവാർഡ് സമ്മാനിക്കും. സി.എഫ് തോമസ് എംഎൽഎ മുഖ്യാതിഥി ആയിരിക്കും.
മികച്ച നവ സംരഭകർക്കായി നല്കുന്ന അവാർഡ് അസിമോവ് റോബോട്ടിക്സ് മേധാവി റ്റി.ജയകൃഷ്ണനു സമ്മാനിക്കും. ഡിപ്പാർട്ട്മെന്റിന്റെ രജത ജൂബിലി ആഘോഷണങ്ങളോടനുബന്ധിച്ചു പൂർവ വിദ്യാർഥികളിലെ വ്യവസായ സംരംഭകൻ ജോബിൻ പി. ജോബിനെ (ഇആൻഡ്എ കംബോണന്റ്സ് മേധാവി) ആദരിക്കും. കോളജ് മാനേജർ മോണ്‍.തോമസ് പാടിയത്ത്, പ്രിൻസിപ്പൽ ഡോ. ജേക്കബ് മാത്യു, ഡയറക്ടർ ഡോ. സ്റ്റീഫൻ മാത്യുസ്, ഡിപ്പാർട്ട്മെന്റ് മേധാവി സിബി ജോസഫ് കെ, അധ്യാപകരായ ബിൻസായി സെബാസ്റ്റ്യൻ, മെർളിൻ ജോസഫ് എന്നിവർ പ്രസംഗിക്കും.
രാവിലെ ഒന്‍പതു മുതൽ വിദ്യാർഥികൾക്കായി ബിസിനസ് പ്ലാൻ മത്സരങ്ങൾ നടക്കും. പത്രസമ്മേളനത്തിൽ ഡയറക്ടർ ഡോ. സ്റ്റീഫൻ മാത്യുസ്, ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. സിബി ജോസഫ്, അധ്യാപകരായ ബിൻസായി സെബാസ്റ്റ്യൻ, മെർളിൻ ബിജോസഫ്, ജെഫിൻ ജോസഫ്, വിദ്യാർഥികളായ നേഹാ സിബി, അശ്വതി വിനോദ് എന്നിവർ പങ്കെടുത്തു.