യുവാവിനെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
Saturday, November 9, 2019 1:25 AM IST
രാജകുമാരി: ശാന്തൻപാറ പുത്തടിക്കു സമീപം കഴുതക്കുളംമേട്ടിൽ ഫാം ഹൗസ് ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പുത്തടി മുല്ലൂർ റിജോഷ് (31) കൊല്ലപ്പെട്ട സംഭവത്തിൽ ഒളിവിൽപോയ ഫാം ഹൗസ് മാനേജർ ഇരിങ്ങാലക്കുട കോണോത്തുകുന്ന് കുഴിക്കണ്ടത്തിൽ വസീമിന്റ സഹോദരൻ ഫഹദ് (25)നെയാണ് ശാന്തന്‍പാറ പോലീസ് അറസ്റ്റുചെയ്തത്. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും.

കേസന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമിച്ചതിനും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിനുമാണു ഫഹദിനെതിരേ കേസെടുത്തിരിക്കുന്നത്. റിജോഷിനെ കഴിഞ്ഞ 31 മുതൽ കാണാനില്ലായിരുന്നു. ഒന്നാം തീയതി ബന്ധുക്കൾ ഇതുസംബന്ധിച്ചു ശാന്തന്‍പാറ പോലീസിൽ പരാതി നൽകിയ ശേഷം രണ്ടുതവണ റിജോഷിന്റെ ഭാര്യ ലിജിയുടെ ഫോണിലേക്കു തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നു ഫഹദിന്റെ സുഹൃത്തുക്കൾ വിളിച്ചിരുന്നു. റിജോഷ് ജീവനോടെ ഉണ്ടെന്നു പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി വസീം, സഹോദരൻ ഫഹദ്, ലിജി എന്നിവർ ചേർന്നു നടത്തിയ ശ്രമമായിരുന്നു ഇത്. ഈ ഫോണുകളുടെ ഉടമസ്ഥരെ പോലീസ് കണ്ടെത്തിയതോടെയാണു സത്യാവസ്ഥ പുറത്തുവന്നത്.
കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം കത്തിക്കാൻ ശ്രമിച്ചു
രാജകുമാരി: ശാന്തന്‍പാറ പുത്തടിക്കു സമീപം യുവാവിന്റെ പകുതികത്തിയ മൃതദേഹം ഫാം ഹൗസ് വളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തുണിയോ കയറോ പോലെയുള്ള വസ്തു ഉപയോഗിച്ച് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം മൃതശരീരം കത്തിക്കാൻ ശ്രമിച്ചെന്നും വയറിനു താഴെയും കാലുകളും ഭാഗികമായി കത്തിയതായും പോസ്റ്റുമോർട്ടം റിപ്പോർട്ട്. മദ്യം പോലെയുള്ള വസ്തുനൽകി അബോധാവസ്ഥയിലാക്കിയ ശേഷമാണ് കൊലപാതകം നടത്തിയതെന്നാണു നിഗമനം. റിജേഷിന്റെ ശരീരത്തിൽ മറ്റു മുറിവുകൾ കണ്ടെത്തിയിട്ടില്ല.
രാസപരിശോധനയ്ക്കായി ശരീരഭാഗങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ ഫലം എത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ. മൃതദേഹത്തിനു നാലിലധികം ദിവസത്തെ പഴക്കമുള്ളതായി കരുതുന്നു.