സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് ഓർത്തഡോക്സ് സഭ
Monday, November 11, 2019 1:24 AM IST
കൊച്ചി: കോലഞ്ചേരി വടവുകോട് സെന്റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സുകാർക്കെതിരേ നടന്ന അക്രമസംഭവങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നു സഭാ വക്താവ് ഫാ. ജോണ്‍സ് ഏബ്രഹാം കോനാട്ട് പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. ഓർത്തോഡോക്സ് സഭാ വിശ്വാസികളുടെ ജീവനു ഭീഷണിയാകുന്ന ഇത്തരം സാഹചര്യം ആശങ്കാജനകമാണ്. അക്രമികളെ നിയമത്തിന്റെ മുന്പിലെത്തിക്കാൻ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടി സ്വാഗതാർഹമാണ്.
സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സർക്കാർ തയാറാകണം. സർക്കാരും രാഷ്ട്രീയ സാമൂഹിക നേതാക്കളും സഭാവിഷയത്തിൽ സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണ്.
മറ്റു വിഷയങ്ങളിൽ സുപ്രീം കോടതി വിധികൾ നടപ്പിലാക്കാൻ ആർജവം കാണിക്കുന്നവർ ഓർത്തഡോക്സ് സഭയ്ക്കു നീതി നിഷേധിക്കുകയാണ്. യാക്കോബായ വിഭാഗം നടത്തുന്ന അക്രമങ്ങൾ സുപ്രീംകോടതിയോടും നീതിന്യായ വ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.