തോട്ടം തൊഴിലാളികൾക്കു പ്രത്യേക ഭവന പദ്ധതി
Monday, November 11, 2019 11:18 PM IST
തിരുവനന്തപുരം: തോട്ടം തൊഴിലാളികൾക്കായി പ്രത്യേക ഭവന നിർമാണ പദ്ധതി സർക്കാർ നടപ്പാക്കുമെന്നു മന്ത്രി ടി.പി. രാമകൃഷ്ണൻ നിയമസഭയിൽ അറിയിച്ചു. ഇതിനായി സൗജന്യമായി ഭൂമി വിട്ടുനൽകാൻ തോട്ടം ഉടമകളുമായി സർക്കാർ ചർച്ച നടത്തുകയാണ്. ഭൂമി ലഭ്യമാകുന്ന മുറയ്ക്കു പദ്ധതി നടപ്പാക്കും.
സ്ഥലമില്ലാത്ത തോട്ടം തൊഴിലാളികൾക്കു വീടുവയ്ക്കാൻ മൂന്നാറിൽ റവന്യൂവകുപ്പിന്റെ 5.42 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ബിവറേജസ് കോർപറേഷന്റെ സിഎസ്ആർ ഫണ്ടുപയോഗിച്ചു വയനാട്ടിൽ 100 തൊഴിലാളികൾക്കു ഡിസംബറിനകം വീടുവച്ചു നൽകും. 32,591 തോട്ടം തൊഴിലാളികളാണ് ഭവനരഹിതരായിട്ടുള്ളത്. സ്വന്തമായി സ്ഥലമുള്ള ഭവനരഹിതർക്കു നാലു ലക്ഷം രൂപ ചെലവിൽ 400 ചതുരശ്ര അടി വിസ്തൃതിയുള്ള വീടും ഭൂമിയില്ലാത്തവർക്ക് ഇത്രയും വിസ്തൃതിയുള്ള അപ്പാർട്ട്മെന്റ് സമുച്ചയങ്ങളും നിർമിക്കും.