നിയമസഭയിലെ സുരക്ഷാ സംവിധാനം കർശനമാക്കി
Tuesday, November 12, 2019 12:37 AM IST
തിരുവനന്തപുരം: നിയമസഭയിലെ സുരക്ഷാ സംവിധാനം കർശനമാക്കി. ഇതിന്റെ ഭാഗമായി സുരക്ഷാ ഓഡിറ്റിംഗും നടന്നുവരുന്നു. നിലവിൽ നിയമസഭയ്ക്കു കനത്ത സുരക്ഷാ സംവിധാനമുണ്ട്. എന്നാൽ, ഇതു പലപ്പോഴും പാലിക്കപ്പെടുന്നില്ലെന്നാണു വിലയിരുത്തൽ.
സുരക്ഷാ നിർദേശങ്ങൾ ഉദ്യോഗസ്ഥർ പാലിക്കുന്നുണ്ടോയെന്നു വിലയിരുത്താൻ ഇന്നലെയും ഇന്നുമായി നിയമസഭയിൽ മോക് ഡ്രില്ലും നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ജീവനക്കാർ അടക്കമുള്ളവരുടെ തിരിച്ചറിയൽ കാർഡ് പരിശോധിച്ചാണു പ്രവേശനാനുമതി നൽകിയത്. മാവോയിസ്റ്റ് ഭീഷണി അടക്കമുള്ള സാഹചര്യത്തിൽ നിയമസഭയുടെ സുരക്ഷാ സംവിധാനം കൂടുതൽ കർശനമാക്കണമെന്ന് ഇന്റലിജൻസും റിപ്പോർട്ട് നൽകിയിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും അടക്കമുള്ള ഉന്നതർ സഭാ സമ്മേളനം നടക്കുന്ന സമയമായതിനാൽ നിയമസഭയിലുണ്ട്. ഈ സാഹചര്യത്തിലാണു സുരക്ഷ കർശനമാക്കാൻ നിർദേശം.