കിഫ്ബിയെ വിഴുങ്ങുന്ന ബകൻ ഐസക്കെന്ന് പ്രതിപക്ഷം; മിണ്ടാതെ ജി. സുധാകരൻ
Tuesday, November 12, 2019 12:37 AM IST
തിരുവനന്തപുരം: മന്ത്രി ജി. സുധാകരൻ പറഞ്ഞ പദ്ധതികളെല്ലാം വിഴുങ്ങുന്ന കിഫ്ബിയിലെ ബകൻ ധനമന്ത്രി ഐസക്കാണെന്ന് ഇപ്പോൾ മനസിലായെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
തദ്ദേശ സ്ഥാപന പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസിൽ ചർച്ച അനുവദിക്കാത്ത സർക്കാർ സമീപനത്തിൽ പ്രതിഷേധിച്ചുള്ള വാക്കൗട്ട് പ്രസംഗത്തിലാണു രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചത്. ഉദ്യോഗസ്ഥരല്ല, ധനമന്ത്രിയാണ് എല്ലാം വിഴുങ്ങുന്ന ബകനെന്ന് ഇപ്പോൾ മനസിലായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാൽ, സഭയിൽ ജി. സുധാകരൻ ഉണ്ടായിരുന്നെങ്കിലും നിഷേധിക്കാനോ പ്രതികരിക്കാനോ അദ്ദേഹം തയാറായില്ല. ഈ ആരോപണത്തിനു മന്ത്രി തോമസ് ഐസക്കും സഭയിൽ മറുപടി നൽകിയില്ല.
അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച കെ.സി. ജോസഫും ധനവകുപ്പിനെ ഇതിനോട് ഉപമിച്ചിരുന്നു. ജി. സുധാകരൻ ചൂണ്ടിക്കാട്ടിയതുപോലെ ധനവകുപ്പ് എല്ലാ പദ്ധതിയും വെട്ടിവിഴുങ്ങുകയാണെന്നായിരുന്നു കെ.സി. ജോസഫിന്റെ ആരോപണം. കിഫ്ബിയിലെ ചിലർ പദ്ധതികൾ വെട്ടിവിഴുങ്ങുന്ന ബകനാണെന്നു കഴിഞ്ഞ ദിവസം മന്ത്രി ജി. സുധാകരൻ ആരോപിച്ചിരുന്നു.