എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ആത്മഹത്യ ചെയ്തത് 50 പോലീസുകാർ: മുഖ്യമന്ത്രി
Wednesday, November 13, 2019 11:34 PM IST
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം 50 പോലീസുകാർ ആത്മഹത്യ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഏറ്റവും കൂടുതൽ പൊലീസുകാർ ആത്മഹത്യ ചെയ്തിട്ടുള്ളത് തിരുവനന്തപുരം റൂറൽ ജില്ലയിലാണ്. ഡിവൈഎസ്പിയുൾപ്പെടെ എട്ട് പൊലീസ് ഉദ്യോഗസ്ഥരാണ് ഇവിടെ ആത്മഹത്യ ചെയ്തത്.
ആലപ്പുഴ ജില്ലയിൽ അഞ്ചും തിരുവനന്തപുരം സിറ്റി, എറണാകുളം സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിൽ നാലു വീതം പൊലീസ് ഉദ്യോസ്ഥരും ആത്മഹത്യ ചെയ്തു.
എസ്ഐ, എഎസ്ഐ റാങ്കിലുള്ള പതിനാറും സിവിൽ പോലീസ് ഓഫീസർ തസ്തികയിലുള്ള ഇരുപത്തിയഞ്ച് പൊലീസുകാരും ആത്മഹത്യ ചെയ്തു. നാലു വനിത സിവിൽ പോലീസ് ഓഫീസർമാരും ആത്മഹത്യ ചെയ്തിട്ടുള്ളതായി മഞ്ഞളാംകുഴി അലിയെ മുഖ്യമന്ത്രി അറിയിച്ചു. ആത്മഹത്യ പ്രവണത തടയുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. സേനയിൽ കൂടുതൽ സൗഹാർദപരമായ അന്തരീക്ഷവും കൂട്ടായ്മയും ഉണ്ടാക്കാൻ നടപടികൾ സ്വീകരിച്ചു വരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഒക്ടോബർ 20 വരെ ഇതരസംസ്ഥാനക്കാർ പ്രതിചേർക്കപ്പെട്ട 797 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നവമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെ വിമർശിച്ച കാരണത്താൽ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി കെ.എസ്.ശബരിനാഥനെ അറിയിച്ചു. സംസ്ഥാനത്ത് 27 പേർ കാബിനറ്റ് പദവി വഹിക്കുന്നുണ്ട്. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പുതുതായി അഞ്ചു പേർക്ക് കാബിനറ്റ് പദവി നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.