വ്യവസായ പ്രോത്സാഹനത്തിന് നിയമ, ചട്ട ഭേദഗതി
Monday, November 18, 2019 12:59 AM IST
കണ്ണൂർ: സംസ്ഥാനത്ത് വ്യവസായങ്ങൾ, ഫാക്ടറികൾ, സംരംഭക പ്രവർത്തനങ്ങൾ, മറ്റു സേവന പ്രവർത്തനങ്ങൾ എന്നിവ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് സംസ്ഥാന സർക്കാർ. വ്യാവസായിക നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി കേരള നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും ആക്ട് നിലവിൽ വന്നു. ഇതിനായി ഏഴു നിയമങ്ങളിലും പത്ത് ചട്ടങ്ങളിലുമാണ് സർക്കാർ ഭേദഗതി വരുത്തിയത്. 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട്, 1996 ലെ കേരള പഞ്ചായത്ത് രാജ് ചട്ടങ്ങൾ, 2011ലെ കേരള പഞ്ചായത്ത് രാജ് കെട്ടിട നിർമാണ ചട്ടങ്ങൾ എന്നിവയിലാണ് ഭേദഗതികൾ വരുത്തിയത്. ഇവ കാര്യക്ഷമമായി നടപ്പിലാക്കാൻ ഗ്രാമപഞ്ചായത്ത് ജീവനക്കാർക്ക് വകുപ്പുതല ബോധവത്കരണ ക്ലാസുകളും മാർഗനിർദേശങ്ങളും നൽകും.
അനാവശ്യ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ലൈസൻസ് നിക്ഷേധിക്കുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ നടപടിക്കും ഉത്തരവിൽ നിർദേശമുണ്ട്. തദ്ദേശ സ്വയഭരണ സ്ഥാപന സെക്രട്ടറിമാർ സ്റ്റാറ്റ്യൂട്ടറി അധികാരം വിനിയോഗിച്ച് ലൈസൻസ് അപേക്ഷകളിന്മേൽ തീരുമാനം കൈക്കൊള്ളണമെന്നാണ് നിർദേശം.
നിർദേശം ഗ്രാമപഞ്ചായത്തുകൾ പാലിക്കുന്നുണ്ടെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരും പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർമാരും ആകസ്മിക പരിശോധന നടത്തി ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്. ലൈസൻസ് അപേക്ഷകളിൽ 30 ദിവസത്തിനകം തീരുമാനം കൈക്കൊള്ളണമെന്നാണ് നിർദേശം.
അപേക്ഷയിൽ ന്യൂനതകൾ ഉണ്ടെങ്കിൽ അപേക്ഷ ലഭിച്ച് മൂന്നു ദിവസത്തിനകം അപേക്ഷകനെ അറിയിക്കേണ്ടതാണ്. ലൈസൻസ് അപേക്ഷകളിൻമേൽ 30 ദിവസത്തിനുള്ളിൽ തീരുമാനം കൈക്കൊണ്ട് വിവരം അറിയിക്കാത്തപക്ഷം അപേക്ഷകന് അതുമുലം ഉണ്ടാകുന്ന ബാധ്യതകൾക്ക് സെക്രട്ടറി ഉത്തരവാദിയായിരിക്കും.
പി. ജയകൃഷ്ണൻ