ബാങ്ക് നൽകേണ്ട കോടതിച്ചെലവ് ഇരട്ടിയാക്കി ഹൈക്കോടതി
Tuesday, November 19, 2019 11:11 PM IST
കൊച്ചി: ആശ്രിതനിയമനം നൽകാനുള്ള ഉത്തരവു പാലിക്കാത്തതിനാൽ കനറാ ബാങ്ക് അഞ്ച് ലക്ഷം രൂപ കോടതിച്ചെലവു നൽകണമെന്ന സിംഗിൾബെഞ്ചിന്റെ ഉത്തരവിനെതിരേ ബാങ്ക് അധികൃതർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. കോടതിച്ചെലവിനത്തിൽ നൽകേണ്ട തുക പത്തു ലക്ഷം രൂപയാക്കി ഉയർത്തുകയുംചെയ്തു.
അജിത് കുമാറിന് ഒരുമാസത്തിനുള്ളിൽ സബ് -സ്റ്റാഫ് തസ്തികയിൽ നിയമനം നൽകണമെന്നും വിധിയിൽ പറയുന്നു. കനറാ ബാങ്കിൽ ക്ലാർക്കായിരിക്കേ മരിച്ച കൊല്ലം അയത്തിൽ സ്വദേശി ജി. ഗോപാലകൃഷ്ണന്റെ മകൻ ജി.കെ. അജിത് കുമാറിന് ആശ്രിത നിയമനം നൽകുന്നതിൽ ബാങ്ക് അധികൃതർ വരുത്തിയ വീഴ്ചയാണ് കോടതിച്ചെലവിനത്തിൽ വൻതുക കെട്ടിവയ്ക്കാനുള്ള ഉത്തരവിന് വഴിവച്ചത്. ഗോപാലകൃഷ്ണൻ 2001 ഡിസംബറിലാണ് മരിച്ചത്. 2002 ജനുവരിയിൽ ആശ്രിതനിയമനത്തിന് പരിഗണിക്കണമെന്നാവശ്യപ്പെട്ടു മകൻ അജിത് അപേക്ഷ നൽകിയെങ്കിലും ബാങ്ക് അധികൃതർ നിഷേധിക്കുകയായിരുന്നു.