സർക്കാർ ഇടപെടലുകൾ പ്രതീക്ഷിക്കുന്നതായി സഖറിയാസ് മാർ പീലക്സിനോസ്
Tuesday, November 19, 2019 11:37 PM IST
തിരുവനന്തപുരം: യാക്കോബായ സഭയ്ക്കു ന്യായമായി ലഭിക്കേണ്ട നീതിയും നിയമസംരക്ഷണവും ലഭിക്കുന്നില്ലെന്നും അതിനാലാണ് വിശ്വാസികൾക്കും വൈദികർക്കും തെരുവിൽ ഇറങ്ങേണ്ട അവസ്ഥ വന്നതെന്നും യാക്കോബായ സുറിയാനി സഭ ഇടുക്കി ഭദ്രാസനാധിപൻ സഖറിയാസ് മാർ പീലക്സിനോസ്. യാക്കോബായ സുറിയാനി സഭ മുംബൈ ഭദ്രാസനാധിപൻ തോമസ് മാർ അലക്സാന്ദ്രയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന സഹന സമരത്തിന്റെ പതിനഞ്ചാം ദിവസം പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മധ്യസ്ഥ ചർച്ചകൾ ആകാം എന്ന സുപ്രീം കോടതി വിധിക്ക് അനുസൃതമായി മാന്യമായ മൃതദേഹ സംസ്കാരത്തിന് സർക്കാർ അടിയന്തരമായി ഇടപെടലുകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് തിരുവനന്തപുരം ഭദ്രാസനാധിപൻ മാത്യുസ് മോർ സിൽവാനോസ്, ആന്റണി ജോൺ എംഎൽഎ , കമാൻഡർ ടി.യു കുരുവിള, പ്രഫ. സി.എ. നൈനാൻ, യാക്കോബായ സുറിയാനി സഭാ ട്രസ്റ്റ് ഷാജി ചൂണ്ടയിൽ എന്നിവർ പ്രസംഗിച്ചു.