പ്ലസ് ടു വിദ്യാർഥിയും സുഹൃത്തും മിന്നലേറ്റു മരിച്ചു
Thursday, November 21, 2019 12:04 AM IST
പാനൂർ: വയലിൽ കളിക്കാൻ പോയ പ്ലസ് ടു വിദ്യാർഥിയും സുഹൃത്തും മിന്നലേറ്റ് മരിച്ചു. പാനൂരിനടുത്ത പുല്ലൂക്കര കിഴക്കെവളപ്പിൽ താഴെതൂലയിൽ മഹമൂദ്-ഷാഹിദ ദന്പതികളുടെ മകൻ ഫഹദ് (17), ആനകെട്ടിയതിൽ പൂക്കോം മെട്ടമ്മലിൽ റഹീം-നൗഫീല ദന്പതികളുടെ മകൻ സെമീൻ (18) എന്നിവരാണു മരിച്ചത് . ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം.
കൊച്ചിയങ്ങാടി തട്ടാൻകണ്ടിതാഴെ പ്രദേശത്ത് വയലിലായിരുന്നു സംഭവം. കളിക്കാൻ പോയ ഇവർ ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്നു വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും വയലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇവരുടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച നിലയിലാണ്. മിന്നലേറ്റാണ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതെന്നു കരുതുന്നു.
ഫഹദ് ചന്പാട് ചോതാവൂർ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്. ഗൾഫിൽ പ്ലസ് ടു പഠനം കഴിഞ്ഞ് തിരിച്ചെത്തിയതായിരുന്നു സെമീൻ. സനീറ, സമീറ, ഫിദ എന്നിവർ ഫഹദിന്റെയും റഹ്നാസ് സെമീന്റെയും സഹോദരങ്ങളാണ്. ഇരുവരുടെയും മൃതദേഹങ്ങൾ ഇന്ന് പുല്ലൂക്കര പാറമ്മൽ ജുമുഅത്ത് മസ്ജിദ് കബർസ്ഥാനിൽ കബറടക്കം നടക്കും.