രാജഗിരി നാഷണൽ ബിസിനസ് ക്വിസ്
Friday, November 22, 2019 12:19 AM IST
കൊച്ചി: പൂർണമായും വിദ്യാർഥികളുടെ നേതൃത്വത്തിൽ കാക്കനാട് രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസ് (ആർസിബിഎസ്) സംഘടിപ്പിക്കുന്ന രാജഗിരി നാഷണൽ ബിസിനസ് ക്വിസ് (രാജഗിരി എൻബിക്യു 2019)നാളെ കോളജ് കാന്പസിൽ നടക്കും. മത്സരത്തിൽ രാജ്യത്തെ മുൻനിര വിദ്യഭ്യാസ സ്ഥാപനങ്ങളിലെയും കോർപറേറ്റ് സ്ഥാപനങ്ങളിലെയും ടീമുകൾ പങ്കെടുക്കും.
മൂന്നു ദിവസമായി നടന്ന ഓണ്‍ലൈൻ മത്സരങ്ങളിൽ 2500 ഓളം ടീമുകൾ പങ്കെടുത്തു. മത്സരത്തിലൂടെ ഇരുവിഭാഗങ്ങളിലുമായി അഞ്ചു വീതം ടീമുകൾ സെമിഫൈനൽ യോഗ്യത നേടി. നാളെ നടക്കുന്ന ഓഫ്ലൈൻ മത്സരത്തിലൂടെ ഇരു വിഭാഗങ്ങളിലേക്കുമായി മൂന്നുവീതം ടീമുകളെക്കൂടി തെരഞ്ഞെടുക്കും. ഇതിനായി മത്സരദിനം രാവിലെ 8.30 ന് പ്രത്യേക രജിസ്ട്രേഷനും 10 നു മത്സരവും നടക്കും. ഇരുവിഭാഗങ്ങളിലും വിജയികളാകുന്ന ടീമുകൾക്ക് 100,000 രൂപ വീതവും റണ്ണറപ്പുകൾക്ക് 50,000 രൂപ വീതവും സമ്മാനത്തുകയായി ലഭിക്കും.രാജ്യത്തെ ബിസിനസ് സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ മത്സരങ്ങളിൽ ഒന്നായ രാജഗിരി എൻബിക്യു 2019 ന്റെ ക്വിസ് മാസ്റ്റർ ഒറാക്കിൾ ഇന്ത്യ ഗ്ലോബൽ കീ അക്കൗണ്ട്സ് വൈസ് പ്രസിഡന്റ് മിതേഷ് അഗർവാളാണ്.
പത്രസമ്മേളനത്തിൽ പ്രിൻസിപ്പാൾ ഡോ. ബിനോയ് ജോസഫ്, പ്രഫ. അരുണ്‍ ജോർജ്, പ്രഫ. ദീപക് ബാബു , കെനി എം. തോമസ്, ബിനിജ ബിനേഷ് എന്നിവർ പങ്കെടുത്തു.