മയക്കുമരുന്ന്: പരാതി കിട്ടിയാൽ നടപടിയെന്നു മന്ത്രി ബാലൻ
Thursday, December 5, 2019 12:20 AM IST
തിരുവനന്തപുരം: സിനിമാ സെറ്റുകളിലെ മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച് നിർമാതാക്കൾ ഉയർത്തിയ ആരോപണം സർക്കാർ ഗൗരവമായാണ് കാണുന്നതെന്ന് മന്ത്രി എ.കെ. ബാലൻ. ഇക്കാര്യത്തിൽ പരാതി ലഭിച്ചാൽ ഉചിതമായ നടപടി സ്വീകരിക്കും.
നിർമാതാക്കൾ അവരുടെ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് രേഖാമൂലം പരാതി നൽകുകയാണു വേണ്ടത്. അന്വേഷണം നടത്തേണ്ട ഉദ്യോഗസ്ഥർക്ക് തന്നെ പരാതി നൽകിയാൽ മതി. ഉദ്യോഗസ്ഥർക്ക് ഇഷ്ടംപോലെ പരിശോധന നടത്താനും അറസ്റ്റ് ചെയ്യാനും സാധിക്കില്ല. പരിശോധനകളും അറസ്റ്റും മജിസ്ട്രേറ്റിന്റെ അറിവോടെയാണ് നടക്കുന്നത്. എന്നാൽ മയക്കുമരുന്ന് നിരോധാന നിയമത്തിലെ ചില വകുപ്പുകൾ പ്രകാരം മജിസ്ട്രേറ്റിന്റെ അനുമതിയില്ലാതെ പരിശോധന നടത്താനും അറസ്റ്റ് ചെയ്യാനും ഉദ്യോഗസ്ഥർക്ക് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് കൃത്യവും ഉത്തമവുമായ ബോധ്യമുണ്ടായിരിക്കണം.