തച്ചങ്കരിക്കെതിരായ കേസ് കോട്ടയത്തേക്കു മാറ്റി
Thursday, December 5, 2019 11:49 PM IST
കൊച്ചി: ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ. തച്ചങ്കരിക്കെതിരായ അനധികൃത സ്വത്തു സന്പാദന കേസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽനിന്നു കോട്ടയം വിജിലൻസ് കോടതിയിലേക്കു മാറ്റി ഹൈക്കോടതി ഉത്തരവായി.
മരട് ഫ്ളാറ്റ് കേസിന്റെ ചുമതലയുള്ള തനിക്ക് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാകേണ്ടി വരുന്ന സാഹചര്യത്തിൽ താൻ പ്രതിയായ കേസും ഇതേ കോടതിയിൽ നിലവിലുള്ളത് ഉചിതമാവില്ലെന്നു വ്യക്തമാക്കി തച്ചങ്കരി നൽകിയ ഹർജിയിലാണ് തീരുമാനം. കേസിന്റെ ഫയലുകളും രേഖകളും കോട്ടയം വിജിലൻസ് കോടതിയിലേക്ക് മാറ്റാനും കക്ഷികൾ നോട്ടീസ് ലഭിച്ചിട്ടില്ലെങ്കിലും ജനുവരി ഒന്പതിന് കോടതിയിൽ ഹാജരാകാനും വിധിയിൽ പറയുന്നു.