കുട്ടികളുടെ മണ്ണുതിന്നൽ വിവാദം; എസ്.പി. ദീപക് രാജിവച്ചു
Tuesday, December 10, 2019 12:30 AM IST
തിരുവനന്തപുരം : സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്.പി. ദീപക് രാജിവച്ചു. കൈതമുക്ക് റെയിൽവേ പുറന്പോക്കിൽ താമസിച്ചിരുന്ന കുടുംബത്തിലെ കുട്ടികൾ വിശപ്പുമൂലം മണ്ണു വാരി തിന്നുവെന്ന ദീപക്കിന്റെ പരാമർശമാണു രാജിക്കു വഴിവച്ചത്.
ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ടു ദീപക് നടത്തിയ പരാമർശം സർക്കാരിന് അവമതിപ്പുണ്ടാക്കിയെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു.
ദീപക്കിനോടു വിശദീകരണം തേടണമെന്നു പാർട്ടി ജില്ലാ സെക്രട്ടേറിയറ്റിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് ദീപക്കിനെതിരേ നടപടി വേണമെന്നു സിപിഎം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കാൻ പാർട്ടി ആവശ്യപ്പെട്ട പ്രകാരം ഇന്നലെത്തന്നെ അദ്ദേഹം രാജി നൽകി.