കുട്ടിയെ അബദ്ധത്തിൽ പൂട്ടിയിട്ട അധ്യാപികയ്ക്കു സസ്പെൻഷൻ
Wednesday, December 11, 2019 12:25 AM IST
ഒറ്റപ്പാലം: വിദ്യാർഥിനിയെ സ്കൂളിലെ ക്ലാസ് മുറിയിൽ അബദ്ധത്തിൽ പൂട്ടിയിട്ട സംഭവത്തിൽ അധ്യാപികയെ സസ്പെൻഡ് ചെയ്തു. രക്ഷിതാക്കൾ തങ്ങൾക്കു പരാതിയില്ലെന്ന് അറിയിച്ചെങ്കിലും സംഭവം വിവാദമായതിനെ തുടർന്നാണ് നടപടി.
പത്തംകുളം എഎംഎൽപി സ്കൂളിൽ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. നാലരവയസുകാരിയായ യുകെജി വിദ്യാർഥിനി ക്ലാസ് മുറിയിൽ ഉറങ്ങിക്കിടന്നതറിയാതെ അധ്യാപിക മുറി പൂട്ടി പോകുകയായിരുന്നു. നേരം വൈകിയിട്ടും കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ അന്വേഷിച്ചു സ്കൂളിലെത്തിയപ്പോഴാണ് കുട്ടി ക്ലാസ് മുറിയിലാണെന്നറിയുന്നത്.
തുടർന്ന് അധ്യാപികയെ വിളിച്ചുവരുത്തി ക്ലാസ് മുറി തുറക്കുകയായിരുന്നു. എഇഒയുടെ നിർദേശപ്രകാരം മാനേജരാണ് അധ്യാപികയെ പതിനഞ്ചു ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്.