ഒരു സംഘടന മനഃപൂർവം സംഘർഷമുണ്ടാക്കി: മാനേജ്മെന്റ്
Friday, January 17, 2020 11:34 PM IST
കോട്ടയം: കോട്ടയം സിഎംഎസ് കോളജിലെ സമാധാനാന്തരീക്ഷം തകർക്കാൻ ഒരു വിദ്യാർഥി സംഘടന നടത്തിയ ബോധപൂർവമായ ശ്രമം അപലപനീയമാണെന്നു സിഎസ്ഐ സഭാ മാനേജ്മെന്റ്.
വിനോദയാത്രയ്ക്കിടയിൽ രണ്ടു വിദ്യാർഥികൾ തമ്മിൽ ഉണ്ടായ പ്രശ്നങ്ങളെ രാഷ്ട്രീയവത്കരിച്ചതാണു പ്രശ്നങ്ങളുടെ തുടക്കം. പ്രശ്നങ്ങളുണ്ടാക്കിയവർക്കെതിരേ ഉചിതമായ നടപടി പ്രിൻസിപ്പൽ യഥാസമയം എടുത്തതാണ്. വ്യാഴാഴ്ച മാരകായുധങ്ങളുമായി പുറത്തുനിന്ന് എത്തിയ സംഘം കോളജ് വിദ്യാർഥികളെ ക്രൂരമായി മർദിക്കുകയായിരുന്നു. ഇത്തരം പ്രവണതകളെ ശക്തമായി എതിർക്കുന്നു. ഇന്നലെ രാവിലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നു മാരകായുധങ്ങളുമായെത്തി കാന്പസിനു പുറത്തു സംഘടിച്ച വിദ്യാർഥി സംഘടനയെ കോളജിലെ രണ്ടായിരത്തോളം വരുന്ന വിദ്യാർഥികളും അധ്യാപകരും ചേർന്നു തടയുകയാണു ചെയ്തത്.
ഇതാണ് സംഘർഷാന്തരീക്ഷം സൃഷ്ടിച്ചത്. പോലീസിന്റെ ശക്തമായ ഇടപെടൽ സ്ഥിതിഗതി ശാന്തമാക്കി. വിദ്യാർഥികൾക്ക് എതിരേ തുടർന്നും ശക്തമായ ഭീഷണി നിലനിൽക്കുന്നതിനാൽ കോളജ് കാന്പസിൽ സമാധാന അന്തരീക്ഷം നിർത്താനും പഠനം നടത്താനും രാഷ്ട്രീയ സംഘടനകളും വിദ്യാർഥികളും സഹകരിക്കണമെന്നു സിഎസ്ഐ മാനേജ്മെന്റ് അഭ്യർഥിച്ചു.