കുട്ടനാട് സീറ്റിൽ മറ്റാർക്കും അവകാശമില്ലെന്ന് പി.ജെ. ജോസഫ്
Friday, January 17, 2020 11:56 PM IST
മങ്കൊന്പ്: കഴിഞ്ഞ തവണ തങ്ങൾ മത്സരിച്ച കുട്ടനാട് സീറ്റിൽ മറ്റാർക്കും അവകാശമില്ലെന്നു കേരള കോണ്‍ഗ്രസ്-എം വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ. കുട്ടനാട്ടിലെ മങ്കൊന്പിൽ പാർട്ടി സംഘടിപ്പിച്ച ഏകദിന സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടനാട്ടിൽ കേരള കോണ്‍ഗ്രസ്-എമ്മിന്റെ സ്ഥാനാർഥി തന്നെ മത്സരിക്കും. കഴിഞ്ഞ തവണ ജോസഫ് വിഭാഗം മത്സരിച്ച സീറ്റുകളുടെ പട്ടികയിൽ കുട്ടനാടുമുണ്ട്. കഴിഞ്ഞ തവണ ജേക്കബ് ഏബ്രഹാം മത്സരിച്ചു. നിസാരവോട്ടിനാണ് അദ്ദേഹം തോറ്റത്. യുഡിഎഫിൽ എല്ലാവിധ ചർച്ചകളും നടത്തിയ ശേഷമാണ് അന്നു സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ആർക്കു വേണമെങ്കിലും അവകാശവാദമുന്നയിക്കാമെങ്കിലും മത്സരിച്ച സീറ്റുകളിൽ മാറ്റത്തിന്റെ ആവശ്യമില്ല.
ജോസ് കെ. മാണി വിഭാഗം സ്ഥാനാർഥി പ്രഖ്യാപനവുമായി രംഗത്തുള്ള വിവരം സംബന്ധിച്ച ചോദ്യത്തിന് അതുകഴിഞ്ഞ തവണയും ഉണ്ടായിരുന്നെന്നും അന്നു വിമതനായി മത്സരിച്ച കേരള കോണ്‍ഗ്രസിന്റെ സ്ഥാനാർഥിക്കു 262 വോട്ടാണു കിട്ടിയതെന്നുമായിരുന്നു പ്രതികരണം. കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കുമെന്നതു സംബന്ധിച്ചു മുന്നണിയിൽ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.