റോഡ് മുറിച്ചുകടക്കവേ ടോറസ് കയറി ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ മരിച്ചു
Saturday, January 18, 2020 12:46 AM IST
കോട്ടയം: റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. ചുങ്കം മള്ളുശേരി പേരകത്ത് ചന്ദ്രമോഹൻ (കുഞ്ഞുമോൻ-55) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം 4.30നു കോട്ടയം -മെഡിക്കൽ കോളജ് റോഡിൽ ചുങ്കം കവലയിലാണ് അപകടം. അപകടമുണ്ടായ ഉടൻ ലോറിയുടെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ചന്ദ്രമോഹന്റെ ഭാര്യ സതി ന്യുമോണിയ ബാധിതയായി ചുങ്കത്തിനു സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടിൽനിന്ന് ആശുപത്രിയിലേക്കു പോകുന്നതിനായി ജംഗ്ഷനിൽ ബസിറങ്ങിയ ശേഷം ചന്ദ്രമോഹൻ റോഡ് മുറിച്ച് കടക്കുന്പോൾ ബസിനെ ഓവർടേക്ക് ചെയ്തു വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ചന്ദ്രമോഹൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. ടോറ സിന്റെ മുൻചക്രത്തിന്റെ അടിയിലായിരുന്ന മൃതദേഹം പോലീസും ഫയർഫോഴ്സും ചേർന്നാണു പുറത്തെടുത്തത്.
അപകടത്തെത്തുടർന്ന് മെഡിക്കൽ കോളജ് റൂട്ടിലെ ഗതാഗതം തടസപ്പെട്ടു. കാസർകോഡ് മൃഗസംരക്ഷണ വകുപ്പിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറാണ് ഇദ്ദേഹം. ഭാര്യയുടെ അസുഖം അറിഞ്ഞാണ് ജോലി സ്ഥലത്തുനിന്ന് വീട്ടിലെത്തിയത്. അടുത്ത മാർച്ചിൽ വിരമിക്കാനിരിക്കെയാണ് അപകടം. ഭാര്യ. സതി (തിരുവല്ല പുളിക്കീഴ് കുടുംബാംഗം) മക്കൾ: ആര്യ, അഞ്ജലി( വിദ്യാർഥികൾ).