കാറിലുപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വീട്ടമ്മയെ തേടി മകനെത്തി
Sunday, January 19, 2020 12:41 AM IST
അടിമാലി: അടിമാലി ടൗണിൽ പാതയോരത്തു വാഹനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വീട്ടമ്മയെത്തേടി മകനെത്തി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരെ പോലീസ് കട്ടപ്പന സ്വദേശിയായ മകൻ മഞ്ജിത്തിനൊപ്പം വിട്ടയച്ചു. വിദഗ്ധ ചികിത്സയ് ക്കായി മകൻ അമ്മയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവർമാരും പോലീസും ചേർന്നു വീട്ടമ്മയെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടമ്മയെ സംബന്ധിച്ചു മാധ്യമങ്ങളിൽ വാർത്തകൾ വന്നതോടെയാണ് ഇന്നലെ രാവിലെ യുവാവ് അമ്മയെ അന്വേഷിച്ച് അടിമാലി പോലീസ് സ്റ്റേഷനിൽ എത്തിയത്. അമ്മയെ സംരക്ഷിക്കുമെന്ന് മകൻ ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിലാണ് വീട്ടമ്മയെ മകനൊപ്പം വിട്ടയയ്ക്കുന്നതെന്നും മകൻ പരാതിനൽകിയാൽ വീട്ടമ്മയ്ക്കൊപ്പമുണ്ടായിരുന്ന മാത്യുവിനെതിരേ നടപടി സ്വീകരിക്കുമെന്നും അടിമാലി സർക്കിൾ ഇൻസ്പെക്ടർ അനിൽ ജോർജ് അറിയിച്ചു.
നാളുകൾക്കുമുന്പ് തിരുവനന്തപുരം വെഞ്ഞാറുംമൂട് സ്റ്റേഷൻ പരിധിയിലും സമാനരീതിയിൽ മാത്യു വീട്ടമ്മയെ റോഡരികിൽ ഉപേക്ഷിച്ചു പോയിരുന്നതായും പോലീസ് പറഞ്ഞു. വീട്ടമ്മയെ കണ്ടെത്തിയ കാറിൽനിന്നു ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ വീട്ടമ്മയുടെ ഒപ്പമുണ്ടായിരുന്നെന്നു കരുതുന്ന മാത്യുവിനായി പോലീസ് അന്വേഷണം നടത്തിവരികയാണ്. ഇയാളുടെ മൊബൈൽ ഫോണ് സ്വീച്ച് ഓഫ് ചെയ്ത നിലയിലാണെന്നും പോലീസ് പറഞ്ഞു.