അതിരന്പുഴ തിരുനാൾ ഇന്നു കൊടിയേറും
Sunday, January 19, 2020 12:41 AM IST
അതിരന്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ഇന്നു കൊടിയേറും. രാവിലെ 5.45നു വലിയപള്ളിയിൽ വിശുദ്ധ കുർബാന. തുടർന്നു വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റും.
അസോസിയേറ്റ് വികാർ ഫാ. ആന്റണി തളികസ്ഥാനം സിഎംഐ, അസിസ്റ്റന്റ് വികാരിമാരായ ഫാ. പ്രിൻസ് മാഞ്ഞൂരാൻ വിസി, ഫാ. ജോസഫ് പുത്തൻപറന്പിൽ, ഫാ. ജിജോ കുറിയന്നൂർപറന്പിൽ എന്നിവർ സഹകാർമികരായിരിക്കും. വൈകുന്നേരം നാലിനു പ്രസുദേന്തി വാഴ്ച, പ്രദക്ഷിണം എന്നിവ നടക്കും. അഞ്ചിനു വേദഗിരി കോട്ടയം ടെക്സ്റ്റൈൽസിൽനിന്ന് ആരംഭിക്കുന്ന കഴുന്നു പ്രദക്ഷിണം ഏഴിനു വലിയപള്ളിയിൽ സമാപിക്കും.
നാളെ രാവിലെ 7.30നു വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പരസ്യ വണക്കത്തിനായി പ്രതിഷ്ഠിക്കും. തുടർന്ന് തിരുസ്വരൂപവുമായി ചെറിയപള്ളിയിലേക്കു പ്രദക്ഷിണം. തുടർന്ന് വിശുദ്ധന്റെ തിരുസ്വരൂപം ചെറിയപള്ളിയിൽ പ്രതിഷ്ഠിക്കും. ദേശക്കഴുന്നിനും നാളെ തുടക്കം കുറിക്കും. 20 മുതൽ 23 വരെയാണു ദേശക്കഴുന്ന്. വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന ദേശക്കഴുന്ന് രാത്രി 7.30നു ചെറിയപള്ളിയിൽ സമാപിക്കും. തുടർന്ന് കലാപരിപാടികൾ. 24ന് നഗരപ്രദക്ഷിണവും വെടിക്കെട്ടും. വൈകുന്നേരം 5.45ന് നഗരം ചുറ്റിയുള്ള പ്രദക്ഷിണം വലിയപള്ളിയിൽനിന്ന് ആരംഭിക്കും. 6.30ന് ടൗണ് കപ്പേളയിൽ എത്തുന്ന പ്രദക്ഷിണം ലദീഞ്ഞിനും പ്രസംഗത്തിനും ശേഷം 7.30ന് പുനരാരംഭിക്കും. 7.45നു വലിയപള്ളിയിൽ നിന്നും രണ്ടാമത്തെ പ്രദക്ഷിണം ആരംഭിക്കും. എട്ടിന് ചെറിയപള്ളിക്കു മുന്നിൽ ഇരുപ്രദക്ഷിണങ്ങളും സംഗമിക്കും. സംയുക്ത പ്രദക്ഷിണം ചെറിയപള്ളി ചുറ്റി വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപവും സംവഹിച്ച് വലിയ പള്ളിയിലെത്തി 9.30ന് സമാപിക്കും. വെടിക്കെട്ട്. 25ന് രാവിലെ 10.30ന് റാസ കുർബാന. വൈകുന്നേരം 5.30ന് വലിയപള്ളിയിൽനിന്നു തിരുനാൾ പ്രദക്ഷിണം.
22 വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ സംവഹിക്കപ്പെടുന്ന പ്രദക്ഷിണം ചെറിയപള്ളിക്കും വലിയപള്ളിക്കും വലംവച്ച് രാത്രി 7.30ന് സമാപിക്കും. 26 മുതൽ 31 വരെ എല്ലാ ദിവസവും രാവിലെ 5.45 മുതൽ വൈകുന്നേരം 6.30 വരെ വിവിധ സമയങ്ങളിൽ വിശുദ്ധ കുർബാനയും മധ്യസ്ഥ പ്രാർഥനയും നടക്കും. ഫെബ്രുവരി ഒന്നിനാണ് എട്ടാമിടം. വൈകുന്നേരം 6.30ന് തിരുസ്വരൂപം സംവഹിച്ചു പ്രദക്ഷിണം നടക്കും. തുടർന്ന് തിരുസ്വരൂപം മദ്ബഹയിൽ പുനഃപ്രതിഷ്ഠിക്കുന്നതോടെ തിരുനാളിനു കൊടിയിറങ്ങും. പത്രസമ്മേളനത്തിൽ വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ, ജോസഫ് ജോണ് ഉപ്പുപുരയ്ക്കൽ, രാജു കുടിലിൽ, സഞ്ജിത് പി. ജോസ് പ്ലാമൂട്ടിൽ, ബൈജു മാതിരന്പുഴ, റെജി കൂനാനിക്കൽ, ജോഷി ഇലഞ്ഞിയിൽ, അഖിൽ ഉള്ളംപള്ളിൽ എന്നിവർ പങ്കെടുത്തു.