ജനസംഖ്യാ രജിസ്റ്ററുമായി സഹകരിക്കരുതെന്നു യെച്ചൂരി
Monday, January 20, 2020 12:46 AM IST
തിരുവനന്തപുരം: ജനസംഖ്യാ രജിസ്റ്ററുമായി ജനങ്ങൾ സഹകരിക്കരുതെന്ന് സിപിഎം ജനങ്ങളോട് ആഹ്വാനം ചെയ്യുന്നതായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. ഇഎംഎസ് അക്കാദമിയിൽ നടന്ന പാർട്ടി കേന്ദ്ര കമ്മറ്റി യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പൗരത്വ നിയമ ഭേദഗതി എതിർത്ത സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരോട് ജനസംഖ്യാ രജിസ്റ്ററുമായി സഹകരിക്കരുതെന്ന് അഭ്യർഥിക്കും. പൗരത്വനിയമഭേദഗതി ഭരണഘടനയ്ക്ക് എതിരാണെന്നു മാത്രമല്ല ഭരണഘടനാവിരുദ്ധം കൂടിയാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു. മതേതര രാജ്യത്തെ ഫാസിസ്റ്റ് ഹിന്ദു രാഷ്ട്രമാക്കുന്നതിന്റെ ഭാഗമാണിത്. ആർഎസ്എസിന്റെ വർഗീയ അജൻഡയാണ് ഇവിടെ നടപ്പാകുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യത്തു നടക്കുന്ന പ്രതിഷേധത്തെ സ്വഗതം ചെയ്യുന്നു. പൗരത്വഭേദഗതി വിഷയത്തിൽ വീടുകൾ തോറും കയറി ജനങ്ങളെ ബോധവത്കരിക്കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.