പുതിയ വാർഡ് സംവരണം തീരുമാനിക്കുന്നത് ജനസംഖ്യയുടെ അടിസ്ഥാനത്തിൽ
Tuesday, January 21, 2020 12:24 AM IST
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പുതുതായി രൂപീകരിക്കുന്ന വാർഡിലെ സംവരണം തീരുമാനിക്കുന്നത് ജനസംഖ്യയുടെ അടിസ്ഥാനത്തിൽ. പുതുതായി രൂപീകരിച്ച വാർഡിൽ സ്ത്രീകളാണു കൂടുതലെങ്കിൽ അതു വനിതാ സംവരണത്തിലും പട്ടികജാതി വിഭാഗക്കാരാണു കൂടുതലെങ്കിൽ പട്ടികജാതി സംവരണത്തിലും ഉൾപ്പെടുത്തും.
ഇതെല്ലാം വാർഡ് വിഭജനത്തിനു ശേഷം മാത്രമേ അറിയാൻ കഴിയൂവെന്നു തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു.
നിലവിലുള്ള ജനറൽ വാർഡുകൾ വനിതാ സംവരണ വാർഡുകളും മറിച്ചുമാകും. ഗ്രാമ- ബ്ലോക്ക്- ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവയ്ക്കെല്ലാം വാർഡ് വിഭജനം ബാധകമാണ്. ഗ്രാമപഞ്ചായത്ത് വാർഡുകളുടെ എണ്ണം 13ൽ കുറയാനോ 23ൽ കൂടാനോ പാടില്ല എന്ന വ്യവസ്ഥ 14 മുതൽ 24 വരെ ആക്കാനാണ് ബില്ലിൽ നിർദേശിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വാർഡുകളുടെ എണ്ണവും ഇതേ രീതിയിൽ വർധിക്കും. ജില്ലാപഞ്ചായത്തിൽ നിലവിൽ അംഗങ്ങളുടെ എണ്ണം 16ൽ കുറയാനോ 32 ൽ കൂടാനോ പാടില്ല എന്നത് 17 മുതൽ 33 വരെ ആക്കാനാണ് നിർദേശം.
നിലവിൽ 25 അംഗങ്ങളുള്ള മുനിസിപ്പൽ കൗണ്‍സിലിൽ നിർദിഷ്ട ഭേദഗതി പ്രകാരം 26 പേരുണ്ടാകും. പരമാവധി 52 എന്നത് 53 ആകും.നാല് ലക്ഷത്തിൽ കവിയാത്ത കോർപറേഷനിൽ ഇപ്പോൾ 55 പേരാണുള്ളത്. അത് 56 ആകും. നാല് ലക്ഷത്തിലധികം ജനസംഖ്യയുള്ള കോർപറേഷനിൽ ഇപ്പോൾ പരമാവധി 100 കൗണ്‍സിലർമാരാണുള്ളത്. അത് 101 ആയി ഉയരും.