വീട്ടമ്മയ്ക്കും മരുമകൾക്കും നേരെ അതിക്രമം; റെയിൽവേ ക്ലീനിംഗ് ജീവനക്കാർ അറസ്റ്റിൽ
Tuesday, January 21, 2020 11:37 PM IST
ആലപ്പുഴ: മൈസൂർ കൊച്ചുവേളി എക്സ്പ്രസിൽ വീട്ടമ്മയ്ക്കും മരുമകൾക്കും നേരെ അതിക്രമം കാണിച്ച മൂന്നു റെയിൽവേ ക്ലീനിംഗ് ജീവനക്കാരെ റെയിൽവേ പോലീസ് അറസ്റ്റു ചെയ്തു. കൊല്ലം മയ്യനാട് പുല്ലിച്ചിറ ഷബീന മണ്സിലിൽ ഷിജു(30), കൊട്ടാരക്കര പ്ലാപ്പള്ളി വടക്കേക്കര പുത്തൻവീട് വിഷ്ണു വി. ദേവ് (22), കൊല്ലം അരിനെല്ലൂർ പുളിക്കത്തറ ഹൗസിൽ ഗോകുൽ(22) എന്നിവരെയാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ അറസ്റ്റു ചെയ്തത്.
സംഭവത്തെകുറിച്ച് റെയിൽവേ പോലീസ് പറയുന്നതിങ്ങനെ: ബംഗളൂരുവിൽ പഠിക്കുന്ന മകളെ സന്ദർശിച്ച ശേഷം 20 നു വൈകുന്നേരം വൈറ്റ് ഫീൽഡ് സ്റ്റേഷനിൽ നിന്നുമാണ് പുനലൂർ സ്വദേശിനികളായ വീട്ടമ്മയും മരുമകളും മൈസൂർ കൊച്ചുവേളി എക്സ്പ്രസിൽ കയറിയത്. മദ്യപിച്ചെത്തിയ മൂന്നംഗ മലയാളി സംഘമാണ് ഇവർക്കെതിരേ അക്രമം കാട്ടിയത്. സ്ലീപ്പറിൽ യാത്ര ആരംഭിച്ച് കുറച്ച് കഴിഞ്ഞപ്പോൾ ആറു ശുചീകരണ ജീവനക്കാർ കന്പാർട്ട്മെന്റിൽ വരികയും അവരിൽ മൂന്നുപേർ സ്ത്രീകളോട് അപമര്യദയായി പെരുമാറുകയുമായിരുന്നു.
തങ്ങളെ അസഭ്യം പറഞ്ഞുകൊണ്ടു ശരീരത്തിൽ സ്പർശിക്കുകയും ബർത്തിൽ നിന്നും കാലിൽ പിടിച്ച് വലിച്ചു താഴെയിടാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് അതിക്രമത്തിനിരയായ വീട്ടമ്മയുടെ പരാതി. രാത്രി 12 വരെ തങ്ങളെ അക്രമി സംഘം ശല്യം ചെയ്തുവെന്നും അതിക്രമം ആരംഭിച്ച ഉടനെ റയിൽവേ അലർട്ട് നന്പരായ 182 ൽ വിളിച്ചെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും വീട്ടമ്മ പറഞ്ഞു.
എറണാകുളത്ത് വച്ച് ടിടിആർ കന്പാർട്ട്മെന്റിൽ എത്തിയപ്പോൾ വിവരങ്ങൾ പറയുകയായിരുന്നു. ഇതിനിടെ മരുമകൾ തിരുവനന്തപുരത്തെ പോലീസ് കണ്ട്രോൾ റൂമിലും വിവരമറിയിച്ചിരുന്നു. പിന്നാലെ ടിടിആറും വിവരം അറിയിച്ചു. തുടർന്ന് റെയിൽവേ പോലീസ് ആറോടെ ആലപ്പുഴയിലെത്തിയ ട്രെയിനിൽ നിന്ന് അക്രമി സംഘത്തിലെ മൂന്നുപേരെയും കൈയോടെ പിടികൂടി. വീട്ടമ്മയും മരുമകളും കൊല്ലത്തെത്തി രേഖാമൂലം പരാതി കൊടുത്തതിനെ തുടർന്ന് സ്ത്രീകളെ അതിക്രമിച്ച് ശല്യം ചെയ്തതുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ചേർത്തല ജുഡിഷൽ ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.