ഡോ. ജോസഫ് അട്ടിപ്പേറ്റി ഇനി ദൈവദാസന്
Tuesday, January 21, 2020 11:38 PM IST
കൊച്ചി: വരാപ്പുഴ അതിരൂപതയുടെ ആദ്യത്തെ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റി ഇനി ദൈവദാസന്. നാമകരണ നടപടികള്‍ക്കു തുടക്കംകുറിച്ചുള്ള ദൈവദാസ പദവി പ്രഖ്യാപനം അദ്ദേഹത്തിന്റെ കബറിടമുള്ള എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ നടന്നു. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ഇതു സംബന്ധിച്ചു വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ജിയോവാന്നി ആഞ്ജലോ ബെച്യു നല്കിയ നിഹില്‍ ഒബ്സ്താത് എന്ന അനുമതിപത്രം ലത്തീനില്‍ അതിരൂപതാ ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍ തിരുക്കര്‍മങ്ങളുടെ ആദ്യഘട്ടത്തില്‍ വായിച്ചു. കൃതജ്ഞതാബലി മധ്യേ ദൈവദാസനായി പ്രഖ്യാപിക്കുന്ന ഡിക്രി ആര്‍ച്ച്ബിഷപ് ജോസഫ് കളത്തിപ്പറമ്പില്‍ പ്രഘോഷിച്ചപ്പോള്‍ പള്ളിമണികള്‍ മുഴങ്ങി. ‘ദൈവത്തിനു നന്ദി’ എന്ന് വിശ്വാസി സമൂഹം ഏറ്റുപറഞ്ഞു.
ദൈവദാസന്റെ കബറിടം, ജന്മസ്ഥലം, ജീവിതം ചെലവഴിച്ച പ്രധാനപ്പെട്ട സ്ഥലങ്ങള്‍, മരണമടഞ്ഞ സ്ഥലം എന്നിവ ഔദ്യോഗികമായി പരിശോധിച്ച് റിപ്പോര്‍ട്ട് ആര്‍ച്ച്ബിഷപ് റോമിലേക്ക് അയയ്ക്കും. ദൈവദാസന് എന്നാണ് ഇനി ഔദ്യോഗിക രേഖകളിലെല്ലാം ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റിയെ വിശേഷിപ്പിക്കുക. വിശുദ്ധനാക്കപ്പെടുവാന്‍ വേണ്ടിയുള്ള പ്രാര്‍ഥനയാകും ഇനി ദൈവദാസന്റെ കബറിടത്തില്‍ ചൊല്ലുക. ഈ നാമകരണ പ്രാര്‍ഥന അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും മറ്റു സ്ഥാപനങ്ങളിലും എല്ലാ വീടുകളിലും ചൊല്ലാവുന്നതാണെന്ന് ആര്‍ച്ച്ബിഷപ് വ്യക്തമാക്കി.
അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം (ഗ്ലോറിയ ഇന്‍ എക്സെല്‍സിസ് ദേവോ) എന്ന ഗാനവും തുടര്‍ന്ന് തേദേവും ലൗദാമുസ് എന്ന സ്തോത്രഗീതവും ആലപിക്കപ്പെട്ടു. ദൈവദാസന്റെ നാമകരണത്തിനുവേണ്ടിയുള്ള പ്രാര്‍ഥന ആര്‍ച്ച്ബിഷപ് കളത്തിപ്പറമ്പില്‍ നയിച്ചു.
തിരുക്കര്‍മങ്ങളുടെ സമാപനത്തില്‍ കത്തീഡ്രല്‍ റെക്ടര്‍ മോണ്‍. ജോസഫ് പടിയാരംപറമ്പില്‍, അതിരൂപതാ വികാരി ജനറല്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമിറ്റം തുടങ്ങിയവരുടെ നേതൃത്വത്തില്‍ ദൈവദാസന്റെ ഛായാചിത്രം കത്തീഡ്രലിനോടുചേര്‍ന്നുള്ള സ്മൃതിമന്ദിരത്തിലെ കബറിടത്തിലേക്ക് പ്രദക്ഷിണമായി സംവഹിച്ചു പ്രതിഷ്ഠിച്ചു. ദൈവദാസന്റെ മാതൃ ഇടവകയായ ഓച്ചന്തുരുത്ത് കുരിശിങ്കല്‍ ക്രൂസ് മിലാഗ്രിസില്നിന്ന് അട്ടിപ്പേറ്റി കുടുംബാംഗങ്ങളും ഇടവക പ്രതിനിധികളും ദൈവദാസപദ പ്രഖ്യാപനത്തിനു സാക്ഷ്യം വഹിക്കാനെത്തി.