വാർഡ് വിഭജനം: പ്രതിപക്ഷ നേതാവ് ഗവർണർക്കു വീണ്ടും കത്ത് നൽകി
Tuesday, January 21, 2020 11:58 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡുകൾ പുനർവിഭജിക്കാനുള്ള തീരുമാനം സെൻസസ് നിയമത്തിന്റെ ലംഘനമാണെന്നതിനു പുറമെ കേരള ഹൈക്കോടതി വിധിയുടെയും നാലാം സംസ്ഥാന ധനകാര്യ കമ്മീഷൻ ശിപാർശകളുടെയും നഗ്നമായ ലംഘനം കൂടിയാണെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് ഗവർണർക്ക് കത്ത് നൽകി.
നേരത്തെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് ഗവർണർക്ക് നൽകിയ രണ്ടു കത്തുകളുടെ തുടർച്ചയായാണ് ഈ കത്ത്. നേരത്തെ നൽകിയ കത്തുകളിൽ സംസ്ഥാന സർക്കാരിന്റെ നീക്കം 1948 ലെ സെൻസസ് നിയമത്തിന്റെയും ചട്ടങ്ങളുടെയും ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെത്തുടർന്നായിരുന്നു ഓർഡിനൻസ് ഒപ്പിടാൻ ഗവർണർ വിസമ്മതിച്ചത്.
സെൻസസ് നിയമങ്ങൾക്ക് പുറമേ കേരള ഹൈക്കോടതി 2020 ജനുവരി ഏഴിനു പുറപ്പെടുവിച്ച വിധിയും സംസ്ഥാന സർക്കാരിന്റെ നീക്കത്തിന് എതിരാണെന്ന് ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ടുള്ളതാണ് പുതിയ കത്ത്.
സംസ്ഥാനത്തെ വാർഡുകളുടെ വിഭജനം സെൻസസ് നടപടികൾ പൂർത്തിയായ ശേഷം മാത്രമേ നടത്താൻ പാടുള്ളു എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. 2015 ജൂലൈ ഏഴിനു രണ്ടു ഗ്രാമപഞ്ചായത്തുകൾ വിഭജിക്കുന്നത് സംബന്ധിച്ച് ഉത്തരവുകൾ ഹൈക്കോടതി പുറത്തിറക്കിയിരുന്നു. ഈ ഉത്തരവ് 2020 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്പു നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കാമത്ത് എന്ന വ്യക്തിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഈ വിഭജനത്തെ എതിർത്ത സർക്കാർ അഭിഭാഷകൻ സെൻസസ് നടപടികളും വോട്ടർപട്ടിക പുതുക്കലും നടക്കുന്നത് കാരണം ഇതു നടപ്പിലാക്കാൻ സാധിക്കില്ല എന്നാണ് കോടതിയെ ബോധിപ്പിച്ചത്. സർക്കാർ അഭിഭാഷകന്റെ വാദം അംഗീകരിച്ചു കൊണ്ട് കേരള ഹൈക്കോടതി പഞ്ചായത്ത് വാർഡ് വിഭജനവുമായി ബന്ധപ്പെട്ട നടപടികൾ സെൻസസ് നടപടികൾ പൂർത്തിയാകുന്നത് വരെ നിർത്തലാക്കാൻ നിർദേശിക്കുകയായിരുന്നു. ഹൈക്കോടതിയുടെ ഈ വിധി സ്വഭാവികമായും സംസ്ഥാനത്തെ എല്ലാ വാർഡുകൾക്കും ബാധകമാണെന്നും രമേശ് ചൂണ്ടിക്കാട്ടി.